അമൃത്സര്‍: വെളളിയാഴ്‍ച്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കി പഞ്ചാബിലെ അമൃത്സറില്‍ ട്രെയിനപകടം ഉണ്ടായത്. ദസറ ആഘോഷങ്ങള്‍ക്കിടെ ട്രാക്കിലേക്ക് കയറി നിന്ന ആള്‍ക്കാരെ തട്ടി തെറിപ്പിച്ചാണ് ട്രെയിന്‍ കടന്നുപോയത്. 61 പേരാണ് അപകടത്തില്‍ മരിച്ചത്. 143 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മനസാക്ഷിയെ നടക്കുന്ന ക്രൂരകൃത്യങ്ങളാണ് അപകടത്തിനിടയില്‍ നടന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരുടെ മൊബൈലുകളും പേഴ്സുകളും വ്യാപകമായി മോഷ്ടിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ, പേഴ്സുകൾ എന്നിവയെല്ലാം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. അപകടത്തിൽ പരിക്കേറ്റവർക്കും നഷ്ടമുണ്ടായിട്ടുണ്ട്. അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ ജ്യോതി കുമാരിക്ക് തന്റെ 17കാരനായ മകൻ വാസുവിനെയാണ് നഷ്ടമായത്. വാസുവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോൾ 20,000 രൂപ വില വരുന്ന ഫോണും സ്വർണമാലയും പേഴ്സും നഷ്ടപ്പെട്ടുവെന്നാണ് പരാതി. സമാനമായ പരാതികളാണ് പലരും പൊലീസിനോട് ഉന്നയിക്കുന്നത്.
ട്രെയിൻ അപകടത്തിൽ സ്വന്തം മകളെയും മകനെയും നഷ്ടപ്പെട്ട ദീപക് പരിക്കേറ്റ് ഇപ്പോൾ ചികിൽസിയിലാണ്. അപകടസ്ഥലത്ത് പരിക്കേറ്റ് കിടക്കുമ്പോൾ അടുത്തെത്തിയാൾ സഹായിക്കാതെ മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നുവെന്നാണ് ദീപക്ക് പറയുന്നത്. അപകടം നടന്നതിന് ശേഷവും റെയിൽവേ ട്രാക്കിനടുത്ത് നിന്ന് സെൽഫിയെടുത്ത ജനങ്ങളുടെ നടപടി വ്യാപക വിമർശനങ്ങൾക്ക് കാരണമായിരുന്നു