കോഴിക്കോട്: കേസന്വേഷണത്തിനു തമിഴ്‌നാട്ടില്‍ പോയ സംഘത്തിലെ പൊലീസുകാരനെ മര്‍ദിച്ച എസ്.ഐക്കു സസ്‌പെന്‍ഷന്‍. നടക്കാവ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥ് സസ്‌പെന്‍ഡ് ചെയ്തത്. മദ്യലഹരിയില്‍ ട്രെയിനില്‍ വിളയാടിയ എസ്.ഐ. ഇതേ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ സി.പി.ഒയുടെ പരാതിയിലാണു നടപടി.

നടക്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണത്തിനാണ് പൊലീസ് സംഘം 21നു നാഗപട്ടണത്തേക്കു പോയത്. കോഴിക്കോട്ടേക്കു തിരിച്ചുവരുന്നതിനിടെ ട്രെയിനില്‍വച്ചാണ് എസ്.ഐ. വിളയാടിയത്. ഇരുവരും കൂടാതെ രണ്ടു വനിതാ പൊലീസുകാരുമാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

തിരിച്ചെത്തിയ സി.പി.ഒ. എസ്.ഐക്കു പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടത്തിയ നടക്കാവ് സി.ഐ. അഷ്‌റഫ് എസ്.ഐ. മോഹൻദാസ് കുറ്റക്കാരനാണെന്നു കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കി ഇന്നലെ ഉച്ചയോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ രാത്രിയാണു കമ്മിഷണര്‍ നടപടി സ്വീകരിച്ചത്.

കോഴിക്കോട്ടുനിന്നു ചെന്നെയിലേക്കു തിരിച്ചതു മുതല്‍ എസ്.ഐ. മദ്യലഹരിലായിരുന്നുവെന്നാണു സി.പി.ഒയുടെ പരാതി. സംഘം 21-നു വൈകിട്ടാണു ചെന്നൈയിലെത്തിയത്. അപ്പോള്‍ തന്നെ നാഗപട്ടണത്തിലേക്കു ട്രെയിനുണ്ടായിരുന്നെങ്കിലും എസ്.ഐ. പോവാന്‍ തയാറായില്ല. അന്നു ചെന്നൈയില്‍ താമസിച്ചു. യുവതിയും കാമുകനും വിവാഹിതരായി നാഗപട്ടണത്തു താമസമാണെന്ന വിവരം പൊലീസിനു നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാല്‍ ഇവിടേക്കു പോവാതെ യുവതി വിവാഹം ചെയ്ത യുവാവിന്റെ അമ്മാവന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കാനായിരുന്നു എസ്.ഐയുടെ നിര്‍ദേശം. ഒരു ദിവസം ചെലവഴിച്ച് ചെന്നൈ പൊലീസ് കമ്മിഷണര്‍ ഓഫീസില്‍നിന്നു ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നു നാഗപട്ടണത്തേക്കു തിരിച്ചു.

നാഗപട്ടണം പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ യുവതി താമസിക്കുന്ന സ്ഥലത്തെത്തി. അവിടെ വച്ച് എസ്.ഐ. യുവതിയോട് അസഭ്യം പറഞ്ഞതായി സി.പി.ഒയുടെ പരാതിയിലുണ്ട്. അടുത്ത ദിവസം രാവിലെ 10 -നു സ്‌റ്റേഷനിലെത്തണമെന്നു നിര്‍ദേശിച്ചു.

എന്നാല്‍ യുവതി അവിടുത്തെ പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടു. രാത്രിയാണു യുവതി എസ്.ഐ. പറഞ്ഞ സ്‌റ്റേഷനിലെത്തിയത്. നാട്ടിലേക്കു തിരിച്ചുവരാന്‍ പറഞ്ഞെങ്കിലും യുവതി അടുത്ത ദിവസമെത്താമെന്ന് അറിയിച്ചു. തുടര്‍ന്നു പൊലീസ് നാഗൂര്‍ എന്ന ഗ്രാമത്തിലേക്കു തിരിച്ചു. എന്തിനാണ് ഇവിടേക്കു വന്നതെന്നു ചോദിച്ചതിനു തന്നെ എസ്.ഐ. അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലില്‍നിന്നാണു പിറ്റേദിവസം സംഘം കോഴിക്കോട്ടേക്കു ട്രെയിന്‍കയറിയത്.

ഇതിനു മുന്‍പ് എസ്.ഐ. ബാറില്‍ കയറി മദ്യപിച്ചു. ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ എസ്.ഐ.യ്ക്കു സി.പി.ഒ. സീറ്റ് തരപ്പെടുത്തിയിരുന്നു. ഈ സീറ്റിലിരിക്കാതെ തൊട്ടടുത്തുള്ള സീറ്റില്‍ കിടന്നുറങ്ങിയ എസ്.ഐ.യെ മറ്റൊരു യാത്രക്കാരന്‍ വിളിച്ചുണര്‍ത്തി. ഇയാളോട് എസ്.ഐ. മോശമായി പെരുമാറുകയും തുടര്‍ന്നു സി.പി.ഒയെ ശകാരിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണു പരാതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ