ലണ്ടൻ: വിമാനാപകടങ്ങൾ മറ്റ് വാഹനാപകടങ്ങൾ പോലെയല്ല. യാത്രക്കാർക്ക് രക്ഷപ്പെടാൻ വളരെ കുറവ് സാധ്യത മാത്രമേ പലപ്പോഴും ലഭിക്കാറുള്ളൂ. ഏറ്റവും ഒടുവിൽ 189 പേരുടെ മരണത്തിന് വരെ ഇടയാക്കിയ ലയൺ എയർക്രാഫ്റ്റ് ദുരന്തം പോലും നമുക്ക് മുന്നിലുണ്ട്.
വിമാനത്തിൽ കയറുന്ന യാത്രക്കാരുടെ എല്ലാ ജീവൻ പൈലറ്റിന്റെ കൈയ്യിലാണെന്നാണ് കരുതപ്പെടുന്നത്. അത് തന്നെയാണ് ആ ജോലിയുടെ പ്രാധാന്യം നിർവചിക്കുന്നതും. ഒരു ചെറിയ അശ്രദ്ധ പോലും പൈലറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല. അപ്പോഴാണ് മദ്യപിച്ച് വിമാനം പറത്താൻ കൂളായി ഒരു പൈലറ്റ് എത്തുന്നത്.
ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിലാണ് ജപ്പാൻ എയലൈൻസ് പൈലറ്റിനെ സുരക്ഷാ വിഭാഗം കൈയ്യോടെ പിടികൂടിയത്. കസുതോഷി ജിസുകവയാണ് കുറ്റക്കാരൻ. പൈലറ്റുമാർക്ക് മദ്യപിക്കാവുന്നതിന്റെ പത്ത് മടങ്ങ് അധികം ആൽക്കഹോളാണ് പിടിക്കപ്പെടുമ്പോൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
ഹിത്രൂവിൽ നിന്ന് ടോക്യോയിലേക്കുളള ജെഎൽ44 വിമാനം പറക്കാൻ 50 മിനിറ്റ് മാത്രം ശേഷിക്കെയാണ് ജിസുകവ അനുവദനീയമായതിന്റെ പത്ത് മടങ്ങ് അധികം മദ്യപിച്ചതായി കണ്ടെത്തിയത്.
വിമാനത്തിലേക്കുളള ജീവനക്കാരുമായി വന്ന ക്രൂ ബസിന്റെ ഡ്രൈവറാണ് മദ്യത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞത്. ഇദ്ദേഹം ഉടൻ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. താനടക്കം 245 പേരുമായി വിമാനം പറത്താനാണ് മൂക്കറ്റം മദ്യപിച്ച് ജിസുകവ എത്തിയത്.
നൂറ് മില്ലി രക്തത്തിൽ 20 മില്ലിഗ്രാം ആൽക്കഹോൾ മാത്രമേ പൈലറ്റിന്റെ ശരീരത്തിൽ പാടുളളൂ. എന്നാൽ ജിസുകവയുടെ രക്തത്തിൽ 189 മില്ലിഗ്രാം ആൽക്കഹോൾ അംശം ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നവംബർ 29 ന് കേസിൽ കോടതി വാദം കേൾക്കും.