scorecardresearch
Latest News

എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: യാത്രക്കാരന് 30 ദിവസത്തെ വിലക്ക്

സംഭവം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി എയര്‍ ഇന്ത്യ അഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചു

എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: യാത്രക്കാരന് 30 ദിവസത്തെ വിലക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരനു 30 ദിവസത്തെ യാത്രാ വിലക്ക്. ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നവംബര്‍ 26നാണു സംഭവം നടന്നത്.

”എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിനു 30 ദിവസത്തേക്കോ അല്ലെങ്കില്‍ ആഭ്യന്തര സമിതി തീരുമാനം വരുന്നതുവരെയോ ഏതാണോ നേരത്തെയുള്ളത് അതുവരെയാണു വിലക്ക്,” എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി എയര്‍ ഇന്ത്യ അഭ്യന്തര സമിതിയെ നിയോഗിച്ചു. വിമാനജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ അന്വേഷിക്കാനും ‘സാഹചര്യം വേഗത്തില്‍ പരിഹരിക്കുന്നതിലുണ്ടാകുന്ന പോരായ്മകള്‍ പരിഹരിക്കാനും’ ഉദ്ദേശിച്ച് ആഭ്യന്തര സമിതി രൂപീകരിച്ചതായി വക്താവ് പറഞ്ഞു.

”ഒരു യാത്രക്കാരന്‍ അസ്വീകാര്യമായ രീതിയില്‍ പെരുമാറുകയും മറ്റൊരാളെ ബാധിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. അന്വേഷണത്തിലും റിപ്പോര്‍ട്ടിങ് പ്രക്രിയയിലും പരാതിക്കാരിയുമായും അവരുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടു,” വക്താവ് പറഞ്ഞു.

സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തെ നിസാരവത്കരിക്കുകയും അശ്രദ്ധ കാണിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും മോശമായി പെരുമാറിയ വ്യക്തിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും പൊലീസിനും റെഗുലേറ്ററി അധികാരികൾക്കും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. കുറ്റാരോപിതനെതിരെ പീഡനം, അപമര്യാദയായ പ്രവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. വിമാനക്കമ്പനിയില്‍നിന്ന് നടപടിയൊന്നും നേരിടാതെയാണു കുറ്റാരോപിതന്‍ പോയതെന്നാണു പൊലീസ് പറയുന്നത്.

മൂത്രം ദേഹത്തുവീണ വയോധിക സംഭവം ചൂണ്ടിക്കാട്ടി പിന്നീട് എയര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് കത്തയയ്ക്കുകയായിരുന്നു.

”എന്റെ വസ്ത്രങ്ങളും ചെരുപ്പുകളും ബാഗും പൂര്‍ണമായും മൂത്രത്തില്‍ കുതിര്‍ന്നിരുന്നു. തുടര്‍ന്നു, വിമാനത്തിലെ പരിചാരികയെത്തി മൂത്രത്തിന്റെ മണം ബോധ്യപ്പെടുകയും ബാഗിലും ഷൂസിലും അണുനാശിനി തളിക്കുകയും ചെയ്തു. ബാഗില്‍ പാസ്പോര്‍ട്ടും യാത്രാ രേഖകളും കറന്‍സിയും മറ്റു സാധനങ്ങളുമുണ്ടായിരുന്നു. ഇവ പരിശോധിക്കുന്നതിനായി എന്നെ സഹായിക്കാന്‍ പരിചാരികയോട് ആവശ്യപ്പെട്ടു. അവള്‍ ആദ്യം ബാഗില്‍ തൊടാന്‍ വിസമ്മതിച്ചു. ഞാന്‍ ബാഗ് വൃത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍, അവള്‍ സഹായിക്കാന്‍ തുടങ്ങി,” കത്തില്‍ പറയുന്നു.

”ഷൂസ് ബാത്ത്‌റൂമില്‍ പോയി സ്വയം വൃത്തിയാക്കാന്‍ എന്നോട് പരിചാരിക ആവശ്യപ്പെട്ടു. എനിക്ക് മാറാനായി ഒരു സെറ്റ് പൈജാമയും ഡിസ്‌പോസിബിള്‍ സ്ലിപ്പറുകളും അവര്‍ തന്നു. അതു മാറിയശേഷം ഏകദേശം 20 മിനിറ്റോളം ഞാന്‍ ടോയ്‌ലറ്റിനു സമീപം നിന്നു. സീറ്റ് മാറ്റ് മാറ്റിനല്‍കമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭ്യമല്ലെന്ന മറുപടിയാണു കിട്ടിയത്,”കത്തില്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Drunk man urinates on co passenger in air india flight dgca seeks report