ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മദ്യപിച്ച് ലക്കുകെട്ടയാള്‍ 18 വാഹനത്തിന് തീയിട്ടു. ദക്ഷിണ ഡല്‍ഹിയിലെ മദന്‍ഗിറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാല് കാറുകള്‍ അടക്കമുളള വാഹനങ്ങളാണ് അഗ്നിക്കിരയായത്. അജ്ഞാതനായ പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 14 ബൈക്കുകളും നാല് കാറുകളുമാണ് നശിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രതി വാഹനം കത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു. ഒരു ബൈക്കിന്റെ ഫ്യുവല്‍ പൈപ്പ് ഊരി ഇയാള്‍ തീ വെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അടുത്തുളള കെട്ടിടത്തിന്റെ സിസിടിവിയില്‍ നിന്നാണ് പ്രതിയുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. കാലുറയ്ക്കാത്ത പ്രതി പിന്നീട് ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ ആരാണെന്ന് ഇതുവരെയും കണ്ടെത്താനായില്ല.

ആറോളം ബൈക്കുകൾക്കാണ് ഇയാള്‍ സമാനമായി തീകൊടുത്തത്. ബൈക്കുകളില്‍ നിന്നും ഒഴുകിയ പെട്രോള്‍ കാരണം തീ മറ്റ് വാഹനങ്ങളിലേക്കും പടര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് പൊലീസിന് വാഹനങ്ങള്‍ കത്തിയെന്ന വിവരം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook