അംറോഹ: മദ്യലഹരിയിൽ വിഷ പാമ്പിനെ ജീവനോടെ വിഴുങ്ങിയയാൾ മരിച്ചു. പാമ്പിനെ വിഴുങ്ങി നാലു മണിക്കൂറുകൾക്കുശേഷമാണ് 40 കാരനായ മഹിപാൽ സിങ് മരിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഗ്രാമവാസികളുടെ പ്രോൽസാഹനം കൂടിയായപ്പോഴാണ് ഇയാൾ പാമ്പിനെ വിഴുങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കൂലിപ്പണിക്കാരനായ മഹിപാൽ മദ്യപിച്ചശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് റോഡിൽ പാമ്പിനെ കണ്ടത്. ഗ്രാമവാസികളിൽ ചിലർ പാമ്പിനെ കൈയ്യിലെടുത്ത് കളിപ്പിക്കാൻ ആവശ്യപ്പെട്ടതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞു. മഹിപാൽ പാമ്പിനെ കളിപ്പിക്കുന്നത് ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. പാമ്പിനെ തന്റെ തലയിൽ വയ്ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗ്രാമവാസികൾ പ്രോൽസാഹിപ്പിച്ചതോടെ മഹിപാൽ പാമ്പിനെ വായിലേക്ക് വച്ചു. പാമ്പ് പിടഞ്ഞതോടെ മഹിപാൽ കൈവിടുകയും വായ്ക്കകത്തേക്ക് പോവുകയും ചെയ്തു. ഇതിനുപിന്നാലെ ഇയാൾ ക്ഷിണിതനാവുകയും ഛർദ്ദിക്കുകയും ചെയ്തു. നാലു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മഹിപാൽ മരിച്ചു.

സോഷ്യൽ മീഡിയ വഴി പുറത്തുവന്ന വീഡിയോയെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികൾ പ്രോൽസാഹിപ്പിച്ചതുകൊണ്ടാണോ ഇയാൾ പാമ്പിനെ വിഴുങ്ങിയതെന്ന് അന്വേഷിക്കുന്നുണ്ട്. പരാതിയുമായി മരിച്ച മഹിപാലിന്റെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ലെന്നും രാജ്പുര കോട്‌വാലി സ്റ്റേഷൻ ഓഫിസർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ