ന്യൂഡെല്‍ഹി: ഒരു വയസ്സുകാരിയായ മകള്‍ നിര്‍ത്താതെ കരഞ്ഞതില്‍ അസ്വസ്ഥനായ അച്ഛന്‍ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞ് കൊന്നു. ഡെല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രണ്ടു ദിവസത്തിലധികം നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ് റാഷിദ് ജമാലിനെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

റാഷിദ് ജമാല്‍ ചൊവ്വാഴ്ച അമിതമായി മദ്യപിച്ച് വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഇതേചൊല്ലി ഇയാള്‍ ഭാര്യയുമായി കലഹിക്കുകയും ചെയ്തു. തുടര്‍ന്ന് റാഷിദ് കുഞ്ഞിനെയും എടുത്ത് വീട് വീട്ട് ഇറങ്ങുകയും അല്‍പം അകലെയുള്ള ഓവ് ചാലില്‍ എറിഞ്ഞ് കൊല്ലുകയുമായിരുന്നുവെന്ന് ഡെല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ റോമില്‍ ഭാനിയ പറഞ്ഞു.

കുഞ്ഞുമായി ഇയാള്‍ പോവുന്നത് കണ്ട ഭാര്യ മോഫിയ ബീഗം ബന്ധുക്കളെയും അയല്‍ക്കാരെയും കൂട്ടി റാഷിദ് പോയ ഭാഗത്തേക്ക് എത്തിയെങ്കിലും ആ സമയംകൊണ്ട് ഇയാള്‍ കുഞ്ഞിനെ ഓവുചാലിലേക്ക് എറിഞ്ഞിരുന്നു. ഇയാള്‍ അമിതമായി മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിപ്പോഴേക്കും നാട്ടുകാര്‍ ഇയാളെ മര്‍ദിച്ച് അവശനാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊന്നതായി റാഷിദ് സമ്മതിച്ചിട്ടുമുണ്ട്. സംഭവമറിഞ്ഞ് ദുരന്തനിവാരണ സേന അധികൃതര്‍ സ്ഥലത്തെത്തി ബുധനാഴ്ച മുതല്‍ കുഞ്ഞിനായി തെരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook