ന്യൂഡൽഹി: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ കാലാവധി നീട്ടാനൊരുങ്ങി സര്‍ക്കാര്‍. മദ്യപിച്ച് അപകടമുണ്ടാക്കി ഇരയ്ക്ക് മരണം സംഭവിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ചുമത്തുക. കൂടാതെ ആജീവനാന്ത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്ന ചട്ടം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.

നിലവില്‍ മദ്യപിച്ച് ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകട മരണങ്ങള്‍ക്ക് സെക്ഷന്‍ 304എ പ്രകാരം രണ്ട് വര്‍ഷം വരെ തടവ്/ രണ്ട് വര്‍ഷം തടവും പിഴയും ആണ് ലഭിക്കാറുളളത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ശിക്ഷ കര്‍ശനമാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് ആളപായമുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് ഗുരുതരമായ കുറ്റമായി പരിഗണിച്ച് പത്ത് വര്‍ഷം വരെ കഠിന തടവ് നല്‍കണമെന്നാണ് ഇതേ വിഷയം പരിഗണിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശവും സ്റ്റാന്‍ഡിങ് കമ്മറ്റി മുന്നോട്ടുവച്ചിരുന്നു. രാജ്യത്ത് റജിസ്റ്റര്‍ ചെയ്യുന്ന ഭുരിഭാഗം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെന്നും ഇരുചക്ര വാഹനങ്ങളാണ് ഈ ഗണത്തില്‍പ്പെടുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു.

വാഹനാപകടങ്ങളില്‍ മരിക്കുന്നവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെ ഈ പ്രവണത പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുന്നത്. റോഡില്‍ റേസിങ്ങും സ്റ്റണ്ടും നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍ അടക്കമുളളവയുടെ വേഗത നിയന്ത്രിക്കാനുളള നിയമവും ഇതോടെ നിലവില്‍ വന്നേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ