കാലിഫോർണിയ: കാറപകടത്തിൽപെട്ട സഹോദരിയെ രക്ഷിക്കാതെ അവസാന നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ലൈവായി കാണിച്ച 18 കാരി അറസ്റ്റിൽ. കാലിഫോർണിയ സ്റ്റോക്ടൺ സ്വദേശിയായ ഒബ്ദുലിയ സാഞ്ചസ് ആണ് അറസ്റ്റിലായത്. 14 കാരിയായ സഹോദരി ജാക്വിലിൻ സാഞ്ചസ് ആണ് അതിദാരുണമായി മരിച്ചത്.

കാറിൽ സഹോദരിക്കും മറ്റൊരു പെൺകുട്ടിക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്നു ഒബ്ദുലിയ. കാർ ഓടിച്ചിരുന്നത് അവളായിരുന്നു. മറ്റേ പെൺകുട്ടിക്കൊപ്പം പുറകിലായിരുന്നു സഹോദരി. അവർ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഒബ്ദുലിയ തന്റെ ഫോണെടുത്ത് ലൈവ് ചെയ്തു. ഇതിനിടയിൽ കാർ നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ കമ്പിവേലിയിലേക്ക് ഇടിച്ചു കയറി. ജാക്വിലിൻ കാറിൽനിന്നും പുറത്തേക്കു വീണു മരിച്ചു. മറ്റേ പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് സഹായം അഭ്യർഥിച്ചു. പക്ഷേ അപ്പോഴും ഒബ്ദുലിയ തന്റെ ഫോണെടുത്ത് ദൃശ്യങ്ങൾ ലൈവായി കാണിക്കാനാണ് തിടുക്കം കാട്ടിയത്.

ലൈവിനിടെ ‘ഞാനെന്റെ സഹോദരിയെ കൊന്നു, പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. ഞാൻ ജയിലിൽ പോകുമെന്ന് എനിക്കറിയാം, അതും എനിക്ക് പ്രശ്നമല്ല’ എന്ന് ഒബ്ദുലിയ പറയുന്നുണ്ടായിരുന്നു. സംഭവത്തിനുപിന്നാലെ ഒബ്ദുലിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒബ്ദുലിയ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ