ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഭക്ഷണം കൊണ്ടുപോകുന്ന ട്രോളിയില്‍ മയക്കുമരുന്നു കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഡല്‍ഹി എയര്‍പോട്ടില്‍വെച്ചാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വിതരണം ചെയ്യാനിരുന്ന ഭക്ഷണ ട്രോളിയില്‍ നിന്നും മയക്കുമരുന്നു കണ്ടെത്തിയതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തില്‍ ജീവനക്കാര്‍ക്ക് പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. ട്രോളിയുടെ ഏറ്റവും താഴത്തെ ഭാഗത്തായാണ് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇത് മയക്കുമരുന്നാണെന്നാണ് കണ്ടെത്തിയത്. കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് മറ്റു പരിശോധനകള്‍ തുടരുകയാണ്. പാക്കറ്റിന്റെ ഭാരം രണ്ടുകിലോയോളം വരും. ഇത് മോര്‍ഫിനാണെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ അറിയിച്ചത്.

ജൂലൈ 19ന് ചെന്നൈയില്‍ നിന്നും ദല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനം 440 ല്‍ നിന്നും കൊണ്ടുപോയ ട്രോളിയിലാണ് ഇതു കണ്ടെത്തിയത്. വിമാനത്തില്‍ കാറ്ററിങ് സര്‍വ്വീസ് നടത്തുന്ന സ്‌കൈ ഗൗര്‍മെറ്റ് എന്ന സ്ഥാപനത്തിന്റെ സൂപ്പര്‍വൈസറാണ് ട്രോളിയുടെ താഴെയായി രണ്ടു പൊതി ഒളിപ്പിച്ചതായി ശ്രദ്ധിച്ചത്.

ചെന്നൈയില്‍ നിന്നാണ് ട്രോളി നിറച്ചത്. ജീവനക്കാര്‍ക്കും കാബിന്‍ ക്ര്യൂവിനും മാത്രമേ ട്രോളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതിയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ