ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ ശേഷം ഉയർന്നുവന്ന ആരോപണങ്ങളോട് പ്രതികരിച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). നിലവിൽ അനുമതി നൽകിയിരിക്കുന്ന ഓക്സ്ഫർഡ്-ആസ്ട്രസനെക, കോവീഷീൾഡ് വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡിസിജിഐ ഡോ. വി.ജി സോമനി പറഞ്ഞു.
Also Read: പരീക്ഷണം പൂര്‍ത്തിയാക്കാത്ത കൊവാക്സിന് അനുമതി നല്‍കിയത് അപകടം: ശശി തരൂര്‍
പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: ഇന്ത്യയില്‍ രണ്ട് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി
“ഏതെങ്കിലും തരത്തിലുള്ള നേരിയ സുരക്ഷാ പ്രശ്നങ്ങളെങ്കിലും ഉണ്ടെങ്കിൽ ഒരിക്കലും അനുമതി നൽകില്ല. വാക്സിനുകൾ 100 ശതമാനവും സുരക്ഷിതമാണ്. നേരിയ പനി, വേദന, അലർജി എന്നിവ പോലുള്ള ചില പാർശ്വഫലങ്ങൾ ഏതു വാക്സിനെടുത്താലും ഉണ്ടാകാറുള്ളതാണ്. വാക്സിനെടുക്കുന്നവർക്ക് ഷണ്ഡത്വം ഉണ്ടാകുമെന്ന പ്രചാരണം തീർത്തും അസംബന്ധമാണ്.” സോമാനി പറഞ്ഞു.
കോവിഡ് വാക്സിന് അംഗീകാരം നൽകുന്നതിന് മുൻപുള്ള ഒരു പ്രോട്ടോക്കോളിലും സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.