scorecardresearch
Latest News

ഇന്ത്യയുടെ ആദ്യ ആദിവാസി വനിതാ രാഷ്ട്രപതിയാകാൻ ദ്രൗപതി മുർമു

ഭരണകക്ഷിയായ എൻഡിഎയ്ക്ക് അനുകൂലമായ വോട്ടുകൾ ഏറെയുള്ളതിനാൽ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്

Droupadi Murmu, bjp, ie malayalam

മുൻ ജാർഖണ്ഡ് ഗവർണറായിരുന്ന ദ്രൗപതി മുർമു അടുത്ത രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടും. രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് മുർമു.

മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയായി കോൺഗ്രസ്, ടിഎംസി, എൻസിപി എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം ചൊവ്വാഴ്ച രാത്രി ഒഡിഷയിലെ സന്താൽ സമുദായത്തിൽ നിന്നുള്ള 64 കാരിയായ മുർമു എൻഡിഎയുടെ രാഷ്ട്രപതി നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഭരണകക്ഷിയായ എൻഡിഎയ്ക്ക് അനുകൂലമായ വോട്ടുകൾ ഏറെയുള്ളതിനാൽ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പാർട്ടിയുടെ പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ച മുർമുവിന്റെ സ്ഥാനാർത്ഥിത്വം ചില പ്രതിപക്ഷ പാർട്ടികളെ, പ്രത്യേകിച്ച് ഗോത്രവർഗ വോട്ടുകളിൽ നിന്ന് വിജയം നേടിയ ജാർഖണ്ഡ് മുക്തി മോർച്ചയെ (ജെഎംഎം) ആശങ്കപ്പെടുത്തുന്നുണ്ട്.

സമൂഹത്തെ സേവിക്കുന്നതിനായി മുർമു തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അവർ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെഡിയുമായി ബിജെപി സഖ്യത്തിലായിരുന്നപ്പോൾ മയൂർഭഞ്ചിൽ നിന്നുള്ള മുർമു ഒഡീഷയിൽ മന്ത്രിയായിരുന്നു. അവരുടെ സ്ഥാനാർത്ഥി പ്രഖ്യാപനം സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാനകരമായ നിമിഷമാണെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി തലവനുമായ നവീൻ പട്നായിക് പറഞ്ഞു. ”രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള എൻഡിഎയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി എന്നോട് ഇക്കാര്യം ചർച്ച ചെയ്തപ്പോൾ ഞാൻ സന്തോഷിച്ചു. ഒഡീഷയിലെ ജനങ്ങൾക്ക് ഇത് തീർച്ചയായും അഭിമാന നിമിഷമാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

”രാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ച് സമവായമുണ്ടാക്കാൻ ഭരണകക്ഷി ശ്രമം നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ സമവായം ഉണ്ടായില്ല. ഇന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള യുപിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഞങ്ങൾ സഖ്യകക്ഷികളുമായി ചർച്ച ചെയ്തിട്ടുണ്ട്. ഇരുപതോളം പേരുകൾ പരിഗണിക്കുകയും ഈ പേരുകളിൽ വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു. ഞങ്ങളുടെ സഖ്യകക്ഷികളുമായി സംസാരിച്ചതിന് ശേഷം, കിഴക്ക് നിന്ന് ഒരു വനിതാ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു, കൂടാതെ ഒരു ആദിവാസി വിഭാഗത്തിൽ നിന്നുള്ള സ്ത്രീയും,” നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനശേഷം നദ്ദ പറഞ്ഞു. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മുർമു ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുർമുവിനെ മുൻ രാഷ്ട്രപതി ഡോ.സർവേപ്പള്ളി രാധാകൃഷ്ണനുമായി നദ്ദ താരതമ്യം ചെയ്തു. “ഡോ. രാധാകൃഷ്ണനെപ്പോലെ, അവരുടെ ജീവിതവും വിദ്യാഭ്യാസവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അവർ തൊഴിൽപരമായി ഒരു അധ്യാപികയായിരുന്നു, ”അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് ആത്മവിശ്വാസമുള്ള മുർമുവാണ് നേതൃത്വത്തിന്റെ ആദ്യ തിരഞ്ഞെടുപ്പെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ആകസ്മികമായി, 2017 ൽ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയായി അവരുടെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ പിന്നീട് കാലാവധി പൂർത്തിയാക്കി അടുത്ത മാസം വിരമിക്കുന്ന രാം നാഥ് കോവിന്ദിനെ ബിജെപി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.

മുർമുവിനെ നാമനിർദ്ദേശം ചെയ്യാനുള്ള നീക്കത്തെ “നല്ലതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമാണ്” എന്നാണ് കുറഞ്ഞത് മൂന്ന് മുതിർന്ന ബിജെപി നേതാക്കളെങ്കിലും വിശേഷിപ്പിച്ചത്. ”പാർട്ടി കേഡർ ഈ തീരുമാനത്തെ അഭിനന്ദിക്കാൻ നിരവധി കാരണങ്ങളുണ്ട്. അവൾ ഒരു സ്ത്രീയും ഗോത്രവർഗക്കാരിയും വിനയാന്വിതയുമായ നേതാവും നല്ലൊരു ബിജെപി പ്രവർത്തകയുമാണ്. ദ്രൗപതി മുർമു തന്റെ സമ്പന്നമായ ഭരണപരിചയം, ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ രാഷ്ട്രപതി ഭവനിലേക്കും കൊണ്ടുവരും,” മോദി സർക്കാരിലെ ഒരു മുതിർന്ന മന്ത്രി പറഞ്ഞു.

Read More: ആരാണ് ദ്രൗപതി മുർമു; അറിയാം ഈ 10 കാര്യങ്ങൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Droupadi murmu set to be elected first tribal woman president of india