നഗരസഭാ കൗണ്‍സിലറായി പൊതുജീവിതം ആരംഭിച്ച ദ്രൗപദി മുര്‍മു സര്‍വസൈന്യാധിപയായി റെയ്‌സിനാ ഹില്‍സിലേക്കു ചുവടുവയ്ക്കുന്നതു ചരിത്രം കുറിച്ച്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്നു വിശേഷണത്തിന് അര്‍ഹയായിരിക്കുകയാണ് അവര്‍. രണ്ടാമത്തെ മാത്രം വനിതാ രാഷ്ട്രപതിയും.
അറുപത്തിനാലുകാരിയായ ദ്രൗപദി മുര്‍മു, രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി പതിനഞ്ചാമതു രാഷ്ട്രപതിയായി 25നു അധികാരമേല്‍ക്കും.
2824 വോട്ട് നേടിയാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുർമുവിന്റെ വിജയം. വോട്ട് മൂല്യം 6,76,803. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്കു ലഭിച്ചതു 1,877 വോട്ട്. വോട്ട് മൂല്യം 3,80,177. ആകെ 4754 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ 53 എണ്ണം അസാധുവായി.
1958 ജൂണ്‍ 20നു ജനിച്ച ദ്രൗപദി മുര്‍മു ഒഡിഷ മയൂര്‍ഭഞ്ച് ജില്ലയിലെ സന്താള്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ളയാളാണ്. 1997ല്‍ റായ്‌രങ്പുര്‍ നഗര്‍ നഗരസഭാ കൗണ്‍സിലറായാണു ദ്രൗപദി മുര്‍മുവിന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. അതിനു മുന്‍പ് അധ്യാപികയായിരുന്നു. ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയിലാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
1997ല്‍ റായ്‌രങ്പുര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ അതേ വര്‍ഷം ബി ജെ പിയുടെ എസ് ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എസ് ടി മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു.
റായ്‌രങ്പുര്‍ മണ്ഡലത്തില്‍നിന്ന് 2000, 2009 വര്‍ഷങ്ങളില്‍ ഒഡിഷ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു, രണ്ടായിരത്തില്‍ നവീന്‍ പട്നായിക്കിന്റെ നേതൃ്വത്തിലുള്ള ബി ജെ ഡി-ബി ജെ പി സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2009-ല്‍ ബി ജെ ഡി ഉയര്‍ത്തിയ വെല്ലുവിളിയില്‍ ബി ജെ പി കടപുഴകിയപ്പോഴും മുര്‍മു വിജയിച്ചു.
2015ല്‍ ജാര്‍ഖണ്ഡ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുര്‍മു ആ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു. 2015 മുതല്‍ 2021 വരെയാണു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്. രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണറെന്ന വിശേഷണവും ദ്രൗപതി മുര്‍മുവിനു സ്വന്തമാണ്.
2017ല്‍, പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുന്നോടിയായി ദ്രൗപതി മുര്‍മുവിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അന്ന് ബിഹാര്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിനായിരുന്നു നറുക്ക് വീണത്. രാം നാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി പിന്നാക്ക വിഭാഗത്തില്‍നിന്നു തന്നെയുള്ള ഒരാള്‍ രാഷ്ട്രപതി ഭവനിലെത്തുന്നുവെന്ന പ്രത്യേകത ദ്രൗപതി മുര്‍മുവിന്റെ വിജയത്തിനുണ്ട്.
അത്ഭുതവും സന്തോഷവുമുെണ്ടെന്നാണു രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബി ജെ പി പ്രഖ്യാപിച്ചതിനു പിന്നാലെ ദ്രൗപദി മുര്‍മു പ്രതികരിച്ചത്.” മയൂര്‍ബഞ്ചല്‍ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ഞാന്‍. ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല,” അവര്‍ പറഞ്ഞു.
ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവും മൂന്നു മക്കളും ഉള്‍പ്പെടുന്നതായിരുന്നു ദ്രൗപതി മുര്‍മുവിന്റെ കുടുംബം. 2009 ലാണ് മൂത്ത മകൻ മരിച്ചത്. മൂന്നു വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മകൻ റോഡപകടത്തിൽ മരിച്ചു. അടുത്ത കാലത്താണ് മുമുവിന് ഭർത്താവിനെയും നഷ്ടമായത്. ഇതിശ്രീ മുര്‍മുവാണ് മകള്‍.