ന്യൂഡൽഹി: ജന്തർ മന്ദറിൽ സ്വന്തം മൂത്രം കുടിച്ച് തമിഴ് കർഷകരുടെ പ്രതിഷേധം. കുപ്പികളിലും ബക്കറ്റുകളിലും സ്വന്തം മൂത്രം പിടിച്ച് വച്ച് കർഷകർ കുടിക്കുകയായിരുന്നു. മൂത്രം കുടിക്കുമെന്ന് കർഷകർ നേരത്തെ അറിയിച്ചിരുന്നു. ഇവരെ അനുനയിപ്പിക്കാൻ ഡൽഹി പൊലീസ് ശ്രമിച്ചെങ്കിലും കർഷകർ വഴങ്ങിയില്ല. ഓരോ ദിവസവും വ്യത്യസ്ത സമരവുമായി പ്രതിഷേധം ശക്തമാക്കുകയാണ് കർഷകർ.

നേരത്തെ നഗ്നരായെത്തി കർഷകർ പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം ചോദിച്ചുചെന്ന കര്‍ഷകരെ കാണാന്‍ കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് രാഷ്ട്രപതിഭവനിലേക്കുള്ള റോഡില്‍ കര്‍ഷകര്‍ നഗ്നരായി ശയനപ്രദക്ഷിണം നടത്തിയത്. ഇതിനു പിന്നാലെ റോഡിൽ ചോറു വിളമ്പി കഴിച്ചും പ്രതിഷേധിച്ചിരുന്നു. സമരപ്പന്തലിനുമുന്നിലെ റോഡിലാണ് ചോറും സാമ്പാറും വിളമ്പി കഴിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എല്ലുകളും തലയോട്ടികളും മാലയായി കഴുത്തിലണിഞ്ഞും പ്രതിഷേധം നടത്തിയിരുന്നു.

മാർച്ച് 15 മുതൽ ജന്തർ മന്ദിറിൽ സമരം നടത്തുകയാണ് തമിഴ് കർഷകർ. വരൾച്ചാ ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ 40,000 കോടി രൂപ അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതിത്തളളുക, വിളകൾക്ക് ന്യാവില ലഭ്യമാക്കുക, കാവേരിയിലെ നീരൊഴുക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ സമരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ