ന്യൂഡല്‍ഹി: നോട്ട് നിരോധനം കാരണം രാജ്യത്ത് ലൈംഗികതൊഴിൽ കുത്തനെ കുറഞ്ഞെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ബിഹാര്‍, പശ്ചിമബംഗാള്‍, അസം തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഡല്‍ഹി പോലെയുളള വലിയ നഗരങ്ങളിലേക്ക് പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി കടത്തിക്കൊണ്ടു പോകുന്നതിന് നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ലൈംഗികത്തൊഴിൽ മാത്രമല്ല, കശ്മീരിലെ കല്ലേറും നോട്ട് നിരോധനത്തോടെ കുറഞ്ഞു. രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഇല്ലാതായി. എന്നാല്‍ ഇതിനെക്കാളൊക്കെ മുകളില്‍ ഇന്ത്യയെ സത്യസന്ധത ഉള്ളൊരു രാജ്യമാക്കി മാറ്റാന്‍ സഹായിച്ചു. അഴിമതി ഇല്ലാതാക്കാന്‍ ഒന്നും ചെയ്യാതിരുന്ന കോണ്‍ഗ്രസാണ് ഇതിനെ വിമര്‍ശിക്കുന്നത്’, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രവിശങ്കര്‍ പ്രസാദ്- ഫയല്‍ ഫോട്ടോ

നോട്ട് നിരോധനം രാജ്യത്തെ പാവങ്ങളെ വലച്ചുവെന്ന പ്രതിപക്ഷ ആരോപണത്തെയും അദ്ദേഹം തളളി. രാജ്യത്തെ പാവങ്ങള്‍ സന്തോഷവാന്മാരാണെന്നും പണവും ആനുകൂല്യങ്ങളും അവര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകുന്നുണ്ടെന്നും നിയമമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നോട്ട് നിരോധനം കരിദിനം ആയി ആചരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കാനാണ് ശ്രമിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ റാലികളിലെ വലിയ ജനസാന്നിധ്യത്തേയും അദ്ദേഹം തളളിക്കളഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ സാസാരിക്കുമെന്ന് നിയമമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് രാഹുല്‍ കൈ കൊടുത്തിട്ടും ബിജെപിയോടൊപ്പം ആയിരുന്നല്ലോ വിജയമെന്നും അദ്ദേഹം ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ