ന്യൂഡൽഹി: ഡൊണാൾഡ് ട്രംപ് ഭരണകൂടം അമേരിക്കയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങൾ വിമാന സർവ്വീസിനെയും ബാധിച്ചു. ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്സ് അമേരിക്കയിലേക്കുള്ള തങ്ങളുടെ സർവ്വീസുകൾ വെട്ടിക്കുറച്ചു.

എച്ച1ബി വിസ കാര്യത്തിലെ ഡോണാൾഡ് ട്രംപ് സർക്കാരിന്റെ നയങ്ങളും മുസ്ലിം വിഭാഗങ്ങളോട് കാട്ടുന്ന വിവേചനവും മൂലം അമേരിക്കയിൽ നിന്ന് പുറത്തേക്കും അമേരിക്കയിലേക്കും അന്താരാഷ്ട്ര വിമാനയാത്രികരുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിന് കാരണമായി ഉന്നയിക്കുന്നത്.

അമേരിക്കയുടെ മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കെതിരായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ദുബായ് സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ഇത്തരമൊരു കടുത്ത നിലപാടിലേക്ക് പോയത്.

ലാപ്ടോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കപ്പെട്ട പത്ത് രാജ്യങ്ങളിൽ ഒന്നാണ് ദുബായ്. ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ വിലക്കിയ നടപടികളെ തുടർന്ന് എമിറേറ്റ്സ് വിമാനക്കമ്പനിയുടെ വരുമാനത്തെ അത് സാരമായി ബാധിച്ചിരുന്നു.

അമേരിക്ക ഏറ്റവും അവസാനം പുറപ്പെടുവിച്ച യാത്രാ വിലക്ക്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യമൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ്.

സർവ്വീസുകൾ വെട്ടിക്കുറച്ച നടപടി, അടുത്ത മാസം ആരംഭിക്കാനിരുന്ന 12 വിമാനത്താവളങ്ങളിലേക്കുള്ള സർവ്വീസുകളെയും ബാധിക്കുമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. 12 വിമാനത്താവളങ്ങളിൽ അഞ്ചെണ്ണത്തിലേക്കുള്ള സർവ്വീസുകൾ വെട്ടിക്കുറയ്ക്കും.

നിലവിൽ ദുബൈയിൽ നിന്ന് അമേരിക്കയിലേക്ക് ഉള്ള വിമാനസർവ്വീസുകളുടെ എണ്ണം ഇതോടെ 126 ൽ നിന്ന് 101 ആയി താഴും. ദിവസം രണ്ട് തവണ വീതം എമിറേറ്റ്സ് സർവ്വീസ് നടത്തുന്ന ബോസ്റ്റൺ, ലോസ് ആഞ്ചലസ് സർവ്വീസുകൾ ദിവസം ഒന്നാക്കി കുറയ്ക്കും. ദിവസം ഒരു സർവ്വീസ് നടത്തുന്ന ഓർലാന്റോ, ലോഡർഡെയ്ൽ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ ആഴ്ചയിൽ അഞ്ചായി കുറയുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ