/indian-express-malayalam/media/media_files/fDGXm0cfpYnzTcv3AIr7.jpg)
തന്നെ ബലിയാടാക്കുകയാണെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനോ മറ്റേതെങ്കിലും രാഷ്ട്രീയക്കാർക്കോ സംരക്ഷണ പണം നൽകിയിട്ടില്ലെന്നും വ്യക്തമാക്കി ഇഡിക്ക് നൽകിയ മൊഴി പിൻവലിച്ച് മുഖ്യമന്ത്രിയുടെ ഡ്രൈവർ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രത്യേക കോടതിയിലാണ് ഡ്രൈവർ അസിംദാസ്, ഇ ഡിക്ക് നൽകിയ മൊഴി പിൻവലിച്ചത്. മഹാദേവ് ചൂതാട്ട ആപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ നവംബർ മൂന്നിന് റായ്പൂർ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്ത 38 കാരനായ ഡ്രൈവർ, കേസിലെ മുഖ്യപ്രതിയും മുഖ്യമന്ത്രി ഭൂപേഷ് ബാഗലും തമ്മിലുള്ള മണി ചെയിനിലെ കണ്ണിയാണെന്നായിരുന്നു ആരോപിച്ചിരുന്നു.
ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് നവംബർ മൂന്നിന് അസീം ദാസിനെയും കോൺസ്റ്റബിളായ ഭീം സിംഗ് യാദവിനെയും (41) ഇ ഡി അറസ്റ്റ് ചെയ്തു. അസീം ദാസിന്റെ കാറിൽ നിന്ന് 5.39 കോടി രൂപ പിടികൂടുകയും ചെയ്തുവെന്ന് ഇ ഡി അവകാശപ്പെട്ടിരുന്നു. റായ്പൂർ നഗരത്തിലെ വിഐപി റോഡിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്, തുടർന്നുള്ള അന്വേഷണത്തിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 15.59 കോടി രൂപ കണ്ടെത്തിയതായി അവർ അറിയിച്ചു.
മഹാദേവ് ആപ്പ് കേസിലെ പ്രതിയായ ശുഭം സോണിയുടെ നിർദ്ദേശപ്രകാരം താൻ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ നേതാക്കൾക്ക് പണം കൈമാറാൻ റായ്പൂരിൽ എത്തിയെന്ന് അസീം ദാസ് മൊഴി നൽകി. തിരഞ്ഞെടുപ്പ് ചെലവിനായി. ഭരണകക്ഷിയായ രാഷ്ട്രീയ നേതാക്കൾക്ക് തുക കൈമാറേണ്ടതായിരുന്നുവെന്ന് ഡ്രൈവർ ദാസ് തങ്ങളോട് സമ്മതിച്ചതായും പണത്തിന്റെ അന്തിമ ഗുണഭോക്താവ് മുഖമന്ത്രി ഭൂപേഷ് ബാഗേലാണെന്ന് വെളിപ്പെടുത്തിയതായും ഇഡി കോടതിയെ അറിയിച്ചു.
കൂടാതെ, ഒക്ടോബർ 26ന് ഇ ഡി തനിക്ക് അയച്ച സമൻസിനെതിരെ നവംബർ രണ്ടിന് നൽകിയ ഇമെയിൽ മറുപടിയിൽ, ഛത്തീസ്ഗഡിലെ കോൺഗ്രസ് രാഷ്ട്രീയക്കാരുടെ ഇടനിലക്കാരനായി അസീം ദാസ് പ്രവർത്തിച്ചുവെന്ന് സോണി അവകാശപ്പെട്ടു.
എന്നാൽ, ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ, സോണി തന്നെ കേസിൽ ബലിയാടാക്കുകയാണെന്നും തന്റെ പക്കൽനിന്ന് കണ്ടെത്തിയ പണം നിർമ്മാണ ബിസിനസ്സ് തുടങ്ങാൻ ഉദ്ദേശിച്ചുള്ളതാണെന്നും അസീം ദാസ് നവംബർ 10 ന് കോടതിക്ക് കത്തെഴുതി. ദാസിന്റെ ജുഡീഷ്യൽ കസ്റ്റഡി വെള്ളിയാഴ്ച അവസാനിച്ചതിനാൽ കോടതിയിൽ അദ്ദേഹത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഈ കത്ത് രേഖപ്പെടുത്താൻ ജഡ്ജിയോട് അഭ്യർത്ഥിച്ചു.
“എന്റെ കക്ഷി കഥയുടെ ഭാഗം പറയാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ കത്ത് രേഖപ്പെടുത്താൻ വെള്ളിയാഴ്ച ഞാൻ കോടതിയിൽ പറഞ്ഞു. എന്റെ കക്ഷിയുടെ പക്കൽ നിന്ന് കണ്ടെടുത്ത പണം ഒരു കൺസ്ട്രക്ഷൻ ബിസിനസ് തുടങ്ങാനുള്ളതായിരുന്നു, അത് ഒരു രാഷ്ട്രീയക്കാരനും കൊടുക്കാൻ വേണ്ടിയായിരുന്നില്ല,” അസിം ദാസിന്റെ അഭിഭാഷകൻ ഷോയിബ് അൽവി പറഞ്ഞു,
ഈ വർഷം ഒക്ടോബറിൽ തന്റെ രണ്ട് ദുബായ് സന്ദർശനങ്ങൾ ബാല്യകാല സുഹൃത്തായ സോണി സംഘടിപ്പിച്ചതാണെന്ന് അസീം ദാസ് കത്തിൽ സമ്മതിച്ചു. നമ്മുക്ക് കൺസ്ട്രക്ഷൻ ബിസിനസ്സ് ചെയ്യാമെന്ന് സോണി പറഞ്ഞതായി കത്തിൽ ദാസ് അവകാശപ്പെടുന്നു. യൂറോപ്പിലേക്ക് താമസം മാറിയെന്നും എന്നെയും കൂടെ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് എന്നോട് റായ്പൂർ എയർപോർട്ടിലേക്ക് പോയി പാർക്കിങ് സ്ഥലത്ത് നിന്ന് ഒരു കാർ എടുക്കാനും വിഐപി റോഡിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകാനും, ഒരു മുറിയിൽ ചെക്ക് ഇൻ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഐഫോണും തന്നു. പിന്നീട് ഒരാൾ ബൈക്കിൽ വന്ന് ഒരു സ്ഥലത്ത് കാർ പാർക്ക് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു, പണം കാറിൽ വെച്ചിട്ട് പോയി.
“ ഹോട്ടൽ മുറിയിലേക്ക് മടങ്ങാൻ എന്നോട് ഫോണിലൂടെ ആവശ്യപ്പെട്ടു, കുറച്ച് സമയത്തിനുള്ളിൽ ഇ ഡി ഉദ്യോഗസ്ഥർ എന്റെ മുറിയിൽ വന്ന് എന്നെ അവരോടൊപ്പം കൊണ്ടുപോയി. ഞാൻ ഇംഗ്ലീഷിലുള്ള ഒരു മൊഴിയിൽ ഒപ്പിടാൻ നിർബന്ധിതനായി, പക്ഷേ അതിന്റെ ഉള്ളടക്കം എനിക്കറിയില്ല. ഒരു രാഷ്ട്രീയക്കാരനും ഞാൻ പണം നൽകിയിട്ടില്ല. എന്നെ ഒരു ബലിയാടാക്കുന്നു,” അദ്ദേഹം പറഞ്ഞു.
അസിം ദാസ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയയിൽ സോണിയുടെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു - ഇത് ബിജെപി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കിട്ടു - അതിൽ ചൂതാട്ട ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് സംരക്ഷണ പണമായി മുഖ്യമന്ത്രി ബാഗേലിന് 508 കോടി നൽകിയതായി അദ്ദേഹം അവകാശപ്പെട്ടു.
ആരോപണം നിഷേധിച്ച ബാഗേൽ ബിജെപിക്കും ഇഡിക്കുമെതിരെ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. “ഒന്നാമതായി, എനിക്ക് ഈ വ്യക്തിയെ അറിയില്ല അല്ലെങ്കിൽ അദ്ദേഹം അവകാശപ്പെടുന്ന രീതിയിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം ഏതെങ്കിലും ഒത്തുചേരലിന്റെയോ ചടങ്ങിന്റെയോ ഭാഗമായിരുന്നോ എന്ന് എനിക്ക് പറയാനാവില്ല. രണ്ടാമതായി, താൻ ‘മഹാദേവ് ആപ്പിന്റെ’ ഉടമയാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നു. അതിശയകരമെന്നു പറയട്ടെ, മാസങ്ങളായി ഈ കേസ് അന്വേഷിക്കുന്ന ഏജൻസിയായ ഇഡി പോലും ഇത് അറിഞ്ഞിരുന്നില്ല, രണ്ട് ദിവസം മുമ്പ് വരെ ഇഡി അദ്ദേഹത്തെ മാനേജർ എന്ന് വിളിക്കുകയായിരുന്നു,” ബാഗേൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us