കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദയിന്‍ഹാട്ടില്‍ തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണു. ബോധം നഷ്ടപ്പെടും മുമ്പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാല്‍ വന്‍ ദുരന്തത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടു. ഹൗറയില്‍നിന്ന് കാത്വയിലേയ്ക്കു പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്.

ദയിന്‍ഹാട്ട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് തൊട്ടുമുന്‍പാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ട്രാക്ക് മാറുന്നതിനായി വേഗത കുറച്ച സമയത്താണ് ലോക്കോ പൈലറ്റ് ഹല്‍ദാറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതും തുടര്‍ന്ന് കുഴഞ്ഞുവീണതും. ബോധരഹിതനായി നിലത്തുവീണതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റു.

ഡ്രൈവര്‍ കുഴഞ്ഞുവീഴുന്നത് കണ്ട ചിലരും യാത്രക്കാരും ഓടിക്കൂടുകയും ഹല്‍ദാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പുതിയ ലോക്കോ പൈലറ്റിനേയും ഗാര്‍ഡിനെയും വിളിച്ചുവരുത്തുകയും ട്രെയിന്‍ യാത്ര പുനഃരാരംഭിക്കുകയും ചെയ്തു.

കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്. നിയന്ത്രിക്കാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ തനിയെ നില്‍ക്കുന്നതിനുള്ള സംവിധാനമാണിത്. ഈ സ്വിച്ച് അമര്‍ത്തിയതിനെ തുടര്‍ന്ന് തീവണ്ടി തനിയെ നില്‍ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook