/indian-express-malayalam/media/media_files/uploads/2019/06/water.jpg)
ചെന്നൈ: സംസ്ഥാനത്ത് കുടിവെള്ളത്തിന് ക്ഷാമമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ ഇതിന് വിരുദ്ധമായി തലസ്ഥാനമായ ചെന്നൈയില്‍ 100 ഹോസ്റ്റലുകള്‍ അടച്ചുപൂട്ടി. കഴിഞ്ഞ ഏതാനും ദിവസമായി പല ഹോസ്റ്റലുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
വിഷയത്തില്‍ പ്രതികരണവുമായി ചെന്നൈ ഹോസ്റ്റല്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തെത്തി. തങ്ങളുടെ 350 അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള 100 ഹോസ്റ്റലുകളെങ്കിലും പ്രവര്‍ത്തനം നിര്‍ത്തുകയും അന്തേവാസികളോട് താമസം മാറാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അസോസിയേഷന്‍ അറിയിച്ചു.
അസോസിയേഷന്‍ സെക്രട്ടറിയായ കെ.എസ്.മനോഹരന്‍ തന്റെ ഉടമസ്ഥതയിലുള്ള 10 ഹോസ്റ്റലുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടിയതായി അറിയിച്ചു. ജലദൗര്‍ലഭ്യമാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങളുടെ സംഘടനയിലെ ഓരോ അംഗങ്ങള്‍ക്കും ഒന്നിലധികം ഹോസ്റ്റലുകള്‍ ഉണ്ട്. ഇവരെല്ലാവരും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ വരുന്ന ഒന്നോ രണ്ടോ ആഴ്ചകളിലായി കൂടുതല്‍ ഹോസ്റ്റലുകള്‍ അടച്ചുപൂട്ടേണ്ടി വരും,' മനോഹരന്‍ പറഞ്ഞു.
ചെന്നൈ നഗരത്തിലെ തങ്ങളുടെ ഉടസമസ്ഥതയിലുള്ള 200 വനിതാ ഹോസ്റ്റലുകളില്‍ ജലക്ഷാമത്തെ തുടര്‍ന്ന് 15 എണ്ണം ഇതോടകം അടച്ചുപൂട്ടിയതായി മറ്റൊരു സംഘടനയായ തമിഴ്നാട് ഹോസ്റ്റല്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതികരിച്ചു.
പല ഹോസ്റ്റല്‍ ഉടമകളിലും മെട്രോ വാട്ടര്‍ ടാങ്ക് ബുങ്ക് ചെയ്തിട്ടുണ്ടെന്നും ഇത് രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് അറിയിച്ചെങ്കിലും 20 ദിവസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്നും സംഘടനാ പ്രസിഡന്റ് ശോഭനാ മാധവന്‍ പ്രതികരിച്ചു. 1500 രൂപയ്ക്ക് ഒരു ടാങ്ക് നല്‍കിയിരുന്ന സ്വകാര്യ കമ്പനികള്‍ ഇപ്പോള്‍ 3500 മുതല്‍ 4000 രൂപവരെ ഈടാക്കുന്നതായും ശോഭന വ്യക്തമാക്കി.
അതേസമയം, കുടിവെള്ളക്ഷാമം കണക്കിലെടുത്ത് പല ഐടി കമ്പനികളും തങ്ങളുടെ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പുറത്തുനിന്നുള്ള പലരും ഹോസ്റ്റലുകളിലെ താമസക്കാരായതിനാൽ ജലത്തിന്റെ ആവശ്യം കൂടിയിരിക്കുകയാണെന്നും കെ.എസ്.മനോഹരൻ പറഞ്ഞു. മാത്രമല്ല, പോകാൻ മറ്റ് സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി താമസക്കാർ ഹോസ്റ്റൽ മാറാൻ കൂട്ടാക്കുന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജലവിതരണ സമ്പ്രദായത്തിൽ വലിയ രീതിയിലുള്ള അസന്തുലിതാവസ്ഥയുള്ളതായി ഒരു മുതിർന്ന മെട്രോ വാട്ടർ ഉദ്യോഗസ്ഥൻ പറഞ്ഞു. പരമ്പരാഗതമായി ചില ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "സർക്കാർ വാസസ്ഥലങ്ങൾ, വിഐപികൾ, നഗരത്തിലെ ഉന്നതർ, സ്വാധീനം കൂടുതലുള്ളവർ എന്നിവർക്ക് പതിവ് വിതരണം നിലനിർത്താൻ ഇപ്പോഴും നിർദേശമുണ്ട്,” അദ്ദേഹം പറഞ്ഞു.
അതേസമയം, കുടിവെള്ള ക്ഷാമം നിലനിൽക്കുന്നു എന്ന വാർത്ത സംസ്ഥാന ഗവൺമെന്റ് നിഷേധിച്ചിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.