ചെന്നൈ: തമിഴ്‌നാട്ടില്‍ വരള്‍ച്ച രൂക്ഷം. കുടിവെള്ള ക്ഷാമം വര്‍ധിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. കേന്ദ്ര സഹായം ആവശ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് പലയിടത്തും കുടിവെള്ളം തീരെയില്ലാത്ത അവസ്ഥയിലാണ്.

കുടിവെള്ള ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളം എത്തിച്ചുനല്‍കാമെന്ന കേരള സര്‍ക്കാരിന്റെ വാഗ്‌ദാനവും ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ചയാകും. കേരളത്തിന്റെ കുടിവെള്ള വാഗ്‌ദാനം തള്ളിയെന്ന പ്രചാരണം ശരിയല്ലെന്നും ഉന്നതതലയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.

Read Also: ഐഡിയ സര്‍വര്‍ തകരാര്‍; പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍ മാര്‍ഗം എത്തിച്ചുനല്‍കാമെന്നായിരുന്നു കേരളം ഇന്നലെ വാഗ്‌ദാനം ചെയ്തത്.  തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്‌ദാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ കുടിവെള്ള വാഗ്‌ദാനം തമിഴ്നാട് തള്ളിക്കളഞ്ഞു എന്ന വാർത്ത പ്രചരിച്ചതോടെ തമിഴ്നാട്ടിലെ പളനിസ്വാമി സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായി. സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് തമിഴ്നാട് സർക്കാർ കേരളത്തിന്റെ വാഗ്‌ദാനം ചർച്ച ചെയ്യും എന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്.

അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദി അറിയിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെയുടെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തുവന്നു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook