ന്യൂഡൽഹി: രാജ്യത്ത് അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് ന്യായാധിപൻ കെ.വി.എസ് സിംഗ് ഉത്തരവിട്ടു. ഇറക്കുമതി ചെയ്ത വസ്തുക്കൾക്ക് ഉയർന്ന വില കാണിച്ച് നികുതിയിളവ് നേടിയെന്നാണ് അദാനി ഗ്രൂപ്പിനെതിരായ കേസ്.

പവർ ആൻ്റ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ വിവിധ സാധനങ്ങൾക്ക് അഞ്ച് ശതമാനം വരെ നികുതിയിളവ് നേടിയതിലൂടെ 3974.12 കോടിയോളം രൂപ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കിയെന്നാണ് കേസ്. “അദാനി പവർ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവർ രാജസ്ഥാൻ ലിമിറ്റഡ്, ഇലക്ട്രോജെൻ ഇൻഫ്രാ ഹോൾഡിംഗ്സ് എന്നീ സ്ഥാപനങ്ങൾക്കെതിരായ പരാതികളിലെ കണ്ടെത്തലുകൾ ഞാൻ അംഗീകരിക്കുന്നില്ല”, എന്നാണ് ഡിആർഐ ന്യായാധിപനായ സിംഗ് ഇതേക്കുറിച്ച് വിശദീകരിച്ചത്.

സിംഗിൻ്റെ തീരുമാനം കസ്റ്റംസ് കമ്മിഷണർ പുന:പരിശോധിച്ച ശേഷമേ പാസാകൂ. 30 ദിവസത്തിനുള്ളിൽ കസ്റ്റംസ് കമ്മിഷണർ ഈ ഉത്തരവ് പരിശോധിച്ച് തീരുമാനമെടുക്കണം. 2014 ൽ ഇന്ത്യൻ എക്സ്‌പ്രസാണ് അദാനി ഗ്രൂപ്പിനെതിരെ ഡിആർഐ നികുതിവെട്ടിപ്പ് കേസിൽ നോട്ടീസ് നൽകിയ കാര്യം റിപ്പോർട്ട് ചെയ്തത്.

1962 ലെ കസ്റ്റംസ് നിയമ പ്രകാരം ഈ കന്പനികളോ അതിൻ്റെ ചുമതലക്കാരോ പിഴയൊടുക്കേണ്ടതില്ലെന്നും ഡിആർഐ വ്യക്തമാക്കി. കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്കെതിരെ അൻ്വേഷണം നടത്തുന്നുണ്ട്.

ഊർജ്ജ സാമഗ്രികൾ ഉയർന്ന വില കാണിച്ച് ഇറക്കുമതി ചെയ്യുന്നത് ഉപഭോക്താക്കളെയാണ് പ്രതികൂലമായി ബാധിക്കുക. ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് കൂടുതൽ നികുതി ഉപഭോക്താക്കൾ അടയ്ക്കേണ്ടി വരും.

അദാനി ഗ്രൂപ്പ് 2016 ഡിസംബർ 30 ന് സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ഇവർക്കെതിരായ എല്ലാ കേസുകളും എഴുതിതള്ളാൻ ഡിആർഐ തീരുമാനിച്ചത്. അതേസമയം ഇക്കാര്യത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസിൽ നിന്ന് കൂടുതൽ വിശദീകരണം തേടാൻ സിംഗ് തയ്യാറായതുമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ