സൂറത്: ജിഎസ്ടിയെ ‘ഗബ്ബര്‍ സിംഗ് ടാക്സ്’ എന്ന് വിളിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കളിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ ‘ഷോലെ’ ചിത്രത്തിലെ കഥാപാത്രമായി വേഷം കെട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സൂറത്തിലാണ് ഈ വ്യത്യസ്ഥ പ്രതിഷേധം നടന്നത്. കൈയില്‍ തോക്കും ഗബ്ബര്‍ സിംഗിനെ അനുകരിക്കുന്ന വസ്ത്രം അണിഞ്ഞും പ്രവര്‍ത്തകര്‍ റാലി നടത്തി.
അതേസമയം അനുമതി ഇല്ലാതെയാണ് റാലി നടത്തിയതെന്ന് ആരോപിച്ച് പൊലീസ് രംഗത്തെത്തി. റാലിയില്‍ തോക്ക് ഉപയോഗിച്ചതിനും അനുമതി ഇല്ലാതെ സംഘടിച്ചതിനും നടപടി എടുക്കുമെന്ന് സലബത്പുര എസ്ഐ പറഞ്ഞു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ ജിഎസ്ടിയെ പരിഹസിച്ചത്.
‘ചെറുകിട കടക്കാരേയും വ്യാപാരികളേയും ജിഎസ്ടി തകര്‍ത്തു കളഞ്ഞു. ജിഎസ്ടി ഗബ്ബര്‍ സിംഗ് ടാക്സാണ്. നവംബര്‍ 8ന് എന്താണ് സംഭവിച്ചത്. പെട്ടെന്ന് ടിവിക്ക് മുമ്പില്‍ വന്ന് മോദി പറയുന്നു എനിക്ക് 500, 1000 നോട്ടുകള്‍ ഇഷ്ടമല്ലെന്ന്. അത്കൊണ്ട് ഞാനിത് പിന്‍വലിക്കുകയാണെന്ന്. അതിലൂടെ ഈ രാജ്യത്തെ മുഴുവനുമാണ് അദ്ദേഹം ആക്രമിച്ചത്’, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടി എന്ന നിലയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്. മോദിയുടേയും അമിത് ഷായുടേയും തട്ടകത്തില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു തിരിച്ചുവരവ് സാധ്യമായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഊര്‍ജ്ജമായി അത് മാറുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാന നിയമസഭകളിലേക്ക് 2018 ആദ്യത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനും അത് ഊര്‍ജ്ജം പകരും.
സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് കുത്തനെ ഉയരുന്നതാണ് ബി.ജെ.പിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. പരിഹാസരൂപേണ മാത്രം രാഹുലിനെ കണ്ടിരുന്ന ബി.ജെ.പി നേതാക്കള്‍ക്കു പോലും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടുണ്ട്. നോട്ടു നിരോധനവും ജി.എസ്.ടിയും കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച ദുരന്തത്തെ കുറിക്കു കൊള്ളുന്ന പരാമര്‍ശങ്ങളിലൂടെ നേരിടുന്ന രാഹുലിന്റെ രീതി ഗുജറാത്തിലെ ഗോദയില്‍ ബി.ജെ.പിയെ വെള്ളം കുടിപ്പിക്കുന്നുണ്ട്. ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്സ് എന്ന് വിശേഷിപ്പിച്ചതായിരുന്നു രാഹുലിന്റെ ഒടുവിലത്തെ ഹിറ്റ് കമന്റ്.