ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ വിജകരമായി പരീക്ഷിച്ചു. ഇതോടെ കരസേനയുടെ ആവശ്യത്തിനുവേണ്ടിയുള്ള ഉത്പാദനത്തിന് വഴിയൊരുങ്ങി.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത മിസൈല്‍ ഭാരം കുറഞ്ഞതും വിക്ഷേപണത്തിനുശേഷം ലക്ഷ്യം സംബന്ധിച്ച് വീണ്ടും മാര്‍ഗനിര്‍ദേശം ആവശ്യമില്ലാത്തതുമാണ്. മിസൈലിന്റെ വിജയകരമായ പരീക്ഷണം സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ (സ്വാശ്രയ ഇന്ത്യ) പ്രചാരണത്തിന് വലിയ പ്രോത്സാഹനമാണെന്ന് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചു.
കരസേനയുടെ പോരാട്ട ശേഷി വര്‍ധിപ്പിക്കുകയാണ് മിസൈല്‍ വികസിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം. ആത്മനിര്‍ഭാരതിനും കരസേനയെ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന കുതിപ്പായി തദ്ദേശീയമായി വികസിപ്പിച്ച ഭാരം കുറഞ്ഞ, സ്വയം ലക്ഷ്യത്തിലെത്തുന്ന ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ വിജകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഒരു താപകേന്ദ്രവുമായി സംയോജിപ്പിച്ചിരിക്കുന്ന കൊണ്ടുനടക്കാവുന്ന ലോഞ്ചറില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ ഡമ്മി ടാങ്കില്‍ കൃത്യമായി പതിക്കുകയും അത് നശിപ്പിക്കുകയും ചെയ്തു. പരീക്ഷണത്തിന്റെ എല്ലാ ദൗത്യ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കിയതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Also Read: വ്യാജരേഖ ചമച്ച് കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ചെയ്ത അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍
നൂതന ഏവിയോണിക്‌സുള്ള അത്യാധുനിക മിനിയച്ചറൈസ്ഡ് ഇന്‍ഫ്രാറെഡ് ഇമേജിങ് സീക്കറാണ് മിസൈലില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തോടെ, കൊണ്ടുനടക്കാവുന്ന തദ്ദേശീയ മൂന്നാം തലമുറ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തി. മിസൈല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഡിആര്‍ഡിഒയെയും മറ്റു പങ്കാളികളെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
പുതിയ തലമുറ ആകാശ് മിസൈലി(ആകാശ്-എൻജി)ന്റെ ഉപരിതലത്തിൽനിന്ന് ആകാശത്തിലേക്കു വിക്ഷേപിക്കാവുന്ന പതിപ്പും ഡിആർഡിഒ ഇന്ന് വിജയകരമായി പരീക്ഷിച്ചു.