ന്യൂഡല്‍ഹി: ചാരവൃത്തി നടത്തിയെന്ന ആരോപണത്തില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബ്ര​ഹ്മോ​സ് മി​സൈ​ൽ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാണ് പിടിയിലായത്. സൈനിക രഹസ്യാന്വേഷണ വിഭാഗവും ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഡിആര്‍ഡിഒയിലെ നാഗ്പൂര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ പിടികൂടിയത്. കുറച്ച് വര്‍ഷങ്ങളായി പ്രതിരോധ ഗവേഷണ-വികസന വിഭാഗത്തില്‍ ജോലി ചെയ്യുന്ന നിശാന്ത് അഗര്‍വാള്‍ എന്ന ഉദ്യോഗസ്ഥന്‍ ശത്രുരാജ്യത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍.

ഇയാള്‍ക്കെതിരെ ഔദ്യോഗിക വിവരസംരക്ഷണ നിയമം, 1923 പ്രകാരം കേസെടുത്തേക്കും. ഞായറാഴ്ച മുതല്‍ രണ്ട് അന്വേഷണ വിഭാഗവും നാഗ്പൂരില്‍ ഇയാളെ നിരീക്ഷിക്കുകയായിരുന്നുവെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇയാളില്‍ നിന്നും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുളള ഡിആര്‍ഡിഒ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വേണ്ട ഗവേഷണങ്ങളും വികസനപ്രവര്‍ത്തനങ്ങളുമാണ് ചെയ്യുന്നത്. വ്യോമയാന സംവിധാനങ്ങള്‍, യുദ്ധസാമഗ്രികള്‍, യുദ്ധവാഹനങ്ങള്‍, ഇലക്ട്രോണിക്സ്, എൻജിനീയറിങ് സംവിധാനം, നാവിക സംവിധാനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഡിആര്‍ഡിഒ സേവനം ലഭ്യമാക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ