ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളെ ശത്രുക്കളുടെ റഡാർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഡിആർഡിഒയുടെ പൂനെ, ജോധ്പൂർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ സംയുക്തമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ജോധ്പൂരിലെ ഡിഫൻസ് ലബോറട്ടറിയും പൂനെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയും (എച്ച്ഇഎംആർഎൽ) ഐഎഎഫിന്റെ ആവശ്യകതകൾ നിറവേറ്റുന്ന ഷാഫ് കാട്രിഡ്ജ് വികസിപ്പിച്ചതായി ഡിആർഡിഒ വ്യാഴാഴ്ച പറഞ്ഞു. “വിജയകരമായ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വ്യോമസേന ഈ സാങ്കേതികവിദ്യ സ്വാംശീകരിക്കുന്ന പ്രക്രിയ ആരംഭിച്ചു,” പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
യുദ്ധവിമാനങ്ങൾ അല്ലെങ്കിൽ നാവിക കപ്പലുകൾ പോലുള്ള ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങളെ റഡാറുകളിൽ നിന്നും റേഡിയോ ഫ്രീക്വൻസി (ആർഎഫ്) ഗൈഡിംഗ് മെക്കാനിസങ്ങളിൽ നിന്നും സംരക്ഷിക്കാൻ ലോകമെമ്പാടുമുള്ള സൈനികർ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് കൗണ്ടർ-മെഷീൻ സാങ്കേതികവിദ്യയാണ് ഷാഫ്. മിസൈലുകളെ തെറ്റിധരിപ്പിക്കുന്ന തരത്തിൽ വിവിധ ഇടങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളുള്ളതായി കാണിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുകയോ എതിരാളികളുടെ മിസൈലുകൾ വഴിതിരിച്ചുവിടുകയോ ചെയ്യും.

ആധുനിക റഡാർ ഭീഷണികൾ വർധിക്കുന്നത് കാരണം ഇന്നത്തെ ഇലക്ട്രോണിക് യുദ്ധത്തിൽ, യുദ്ധവിമാനങ്ങളുടെ നിലനിൽപ്പ് പ്രധാന ആശങ്കയാണെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പൽ പറയുന്നു. വിമാനങ്ങളുടെ നിലനിന്നുപോവാനുള്ള ശേഷി ഉറപ്പുവരുത്താൻ, ഇൻഫ്രാ-റെഡ്, റഡാർ ഭീഷണികൾക്കെതിരെ കൗണ്ടർ മെഷർ ഡിസ്പെൻസിംഗ് സിസ്റ്റം (സിഎംഡിഎസ്) ഉപയോഗിക്കുന്നു. യുദ്ധവിമാനങ്ങളെ ശത്രുതാപരമായ റഡാർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു നിർണായക പ്രതിരോധ സാങ്കേതികവിദ്യയാണ് ചാഫ്. യുദ്ധവിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശത്രുവിന്റെ മിസൈലുകളെ വ്യതിചലിപ്പിക്കുന്നതിനായി അന്തരീക്ഷത്തിൽ വിന്യസിച്ചിരിക്കുന്ന വളരെ കുറഞ്ഞ അളവിലുള്ള പദാർത്ഥങ്ങളാണ് ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം. ഇന്ത്യൻ വ്യോമസേനയുടെ വാർഷിക ആവശ്യകത നിറവേറ്റുന്നതിനായി വലിയ അളവിൽ ഇവ ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഡിആർഡിഒ നൽകിയിട്ടുണ്ട്.
“പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒയെയും ഐഎഎഫിനെയും വ്യവസായത്തെയും ഈ നിർണായക സാങ്കേതികവിദ്യയുടെ തദ്ദേശീയ വികസനത്തിന് അഭിനന്ദിച്ചു. തന്ത്രപരമായ പ്രതിരോധ സാങ്കേതികവിദ്യകളിൽ ‘ആത്മനിർഭർ ഭാരത്’ എന്നതിലേക്കുള്ള ഡിആർഡിഒയുടെ മറ്റൊരു ചുവടുവെപ്പായി ഇതിനെ വിശേഷിപ്പിക്കുന്നു. ഇന്ത്യൻ വ്യോമസേനയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ നൂതന സാങ്കേതികവിദ്യ വിജയകരമായി വികസിപ്പിച്ച സംഘങ്ങളെ പ്രതിരോധ ഗവേഷണ & വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. ജി സതീഷ് റെഡ്ഡി അഭിനന്ദിച്ചു,” പ്രസ്താവനയിൽ പറയുന്നു.