ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരെ പിടിക്കാനായി ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും പാര്‍ട്ടിയില്‍ ചേരാന്‍ വിസമ്മതിച്ചു. കര്‍ണാടക സ്വദേശികളായ ഇന്ത്യയുടെ രണ്ട് മുന്‍ ക്രിക്കറ്റ് നായകന്മാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു.

ഇതിനായി ആഴ്ച്ചകളായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് വിഫലമായതായി ദ പ്രിന്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രിനും സിദ്ധരാമയ്യയ്ക്കും തിരിച്ചടി നല്‍കി യുവ വോട്ടര്‍മാരെ പിടിക്കാനായിരുന്നു ഇത്തരമൊരു നീക്കം പാര്‍ട്ടി നടത്തിയത്. ഇരു താരങ്ങളുടേയും പ്രതിച്ഛായയും ജനപ്രിയതയും മെയ് 12ന് നടക്കുന്ന വോട്ടെടുപ്പില്‍ തങ്ങളെ സഹായിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. താരങ്ങളെ താമരയ്ക്ക് കീഴില്‍ നിര്‍ത്താന്‍ നിരവധി തവണ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഒരാളെ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുളള വാഗ്ദാനം വരെ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമില്ലെന്ന് കാട്ടി ഇരുവരും വാഗ്ദാനം നിരസിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ഇപ്പോഴും ഇവരെ ഒന്നിച്ച് നിര്‍ത്താന്‍ ശ്രമം നടത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഇതു സംബന്ധിച്ച് ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. ഇരുവരേയും ബിജെപി സമീപിച്ചതായി കുംബ്ലെയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി പ്രിന്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കര്‍ണാടകയില്‍ നിന്നും കളിച്ച് മികച്ച താരങ്ങളാണ് കുംബ്ലെയും ദ്രാവിഡും.

344 ഏകദിന മത്സരങ്ങളില്‍ നിന്നായി 10,889 റണ്‍സാണ് ദ്രാവിഡിന്റെ നേട്ടം. 164 ടെസ്റ്റില്‍ 13,288 റണ്‍സും അദ്ദേഹം നേടി. അനില്‍ കുംബ്ലെ ലെഗ് സ്പിന്‍ ബൗളറാണ്. 271 അന്താരാഷ്ട്ര ഏകദിനത്തില്‍ നിന്ന് അദ്ദേഹം 337 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് കുംബ്ലെ. ദ്രാവിഡ് നിലവില്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ