ന്യൂഡല്‍ഹി: ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒക്ടോബര്‍ 6ന് പുലര്‍ച്ചെ അരുണാചലില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പാരച്ച്യൂട്ടില്‍ മണ്ണെണ്ണ കന്നാസുകള്‍ ഘടിപ്പിച്ച് യാങ്സ്റ്റെയിലെ പട്ടാള ക്യാമ്പിലേക്ക് എറിയുമ്പോഴാണ് അപകടം ഉണ്ടായത്. താഴേക്ക് എറിഞ്ഞ ഒരു മണ്ണെണ്ണ കന്നാസ് ഹെലികോപ്റ്ററിന്റെ വാലില്‍ കുരുങ്ങുകയായിരുന്നു. കന്നാസ് ശക്തിയോടെ താഴേക്ക് പതിക്കുമ്പോള്‍ പാരച്ച്യൂട്ട് നിവരുകയും ഹെലികോപ്റ്ററിന്റെ വാല്‍ഭാഗം വേര്‍പ്പെട്ട് പോവുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ നിലംപതിക്കുകയായിരുന്നു.
അരുണാചല്‍ പ്രദേശിലെ തവാങ്ങിലായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എം ഐ-17 വി 5 ഹെലികോപ്റ്ററാണ് രാവിലെ തകര്‍ന്നു വീണത്.

ലോകത്തിലെ ഏറ്റവും വികസിതമായ സാങ്കേതിവിദ്യകളടങ്ങിയ ഹെലികോപ്റ്ററുകളായാണ് എം ഐ-17 വി-5 ഹെലികോപ്റ്ററുകളെ പരിഗണിക്കുന്നത്.

ഈ വര്‍ഷം മേയില്‍ അരുണാചല്‍ പ്രദേശിന്റെയും അസമിന്റെയും അതിര്‍ത്തിപ്രദേശത്ത് സുഖോയ് 30 യുദ്ധവിമാനം തകര്‍ന്ന് മലയാളിയായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവ് ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ