ബാങ്കോക്ക്: ഗുഹയ്ക്കുളളിൽ കുടുങ്ങിക്കിടക്കുന്ന തായ് യൂത്ത് ഫുട്ബോൾ ടീമിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ടോർച്ച് ലെറ്റിന്റെ വെളിച്ചത്തിൽ കുട്ടികളുടെ മുഖം വീഡിയോയിൽ വ്യക്തമായി കാണാം. തങ്ങൾക്ക് ഭക്ഷണം വേണമെന്നും ഗുഹയ്ക്കുളളിൽനിന്നും പെട്ടെന്ന് പുറത്തു വരണമെന്നും കുട്ടികൾ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. തായ് നേവി സീൽസ് അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ 9 ദിവസമായി വെളളം നിറഞ്ഞ ഗുഹയ്ക്കുളളിൽ കുടുങ്ങിക്കിടക്കുകയാണ് ടീം. 11 നും 16 നും ഇടയിൽ പ്രായമുളള 12 ആൺകുട്ടികളും പരിശീലകനുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുമ്പോഴും ഇവരുടെ കുടുംബങ്ങൾ ആശങ്കയിലായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യം കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.
ടീമിന് വേണ്ട ഭക്ഷണവും മെഡിക്കൽ സഹായവും രക്ഷാപ്രവർത്തകർ എത്തിക്കുന്നുണ്ട്. രണ്ടു മൂന്നു മാസത്തേക്ക് വേണ്ട ഭക്ഷണം എത്തിക്കുമെന്ന് നേവി ക്യാപ്റ്റൻ അനന്ത് സുരാവൻ വ്യക്തമാക്കി.
കുട്ടികളെ പുറത്തെത്തിക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. മഴ തുടരുന്നതാണ് രക്ഷാപ്രവർത്തനം വൈകുന്നത്. മഴയിൽ ഗുഹയ്ക്കുളളിൽ വെളളം നിറയുന്നുണ്ട്. വെളളം നിറഞ്ഞാൽ ഡൈവിങ് നടത്താനുളള പരിശീലനവും കുട്ടികൾക്ക് നൽകും. അത് നടന്നില്ലെങ്കിൽ വെളളം താഴുന്നതുവരെ കുട്ടികൾ ഗുഹയ്ക്കുളളിൽ കഴിയേണ്ടി വരും.
ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ഗുഹയുടെ പുറത്ത് കുട്ടികളുടെ സൈക്കിളുകളും ബൂട്ടുകളും കണ്ടെത്തിയതാണ് നിര്‍ണായകമായത്.