ന്യൂഡല്‍ഹി: ലോക്‌സഭയിൽ നാടകീയ രംഗങ്ങള്‍. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടാണ് ലോക്‌സഭയിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. എഐഎംഐഎം എംപി അസാദുദ്ദീൻ ഒവൈസി പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. രാജ്യത്ത് രണ്ടാം വിഭജനം കൊണ്ടുവരുന്നതാണ് ബില്‍ എന്ന് ഒവൈസി ആരോപിച്ചു.

മതത്തിന്റെ പേരിലുള്ള ചേരിതിരിവാണ് ബില്‍ എന്നും ഒവൈസി ആരോപിച്ചു. ബില്‍ കീറിയെറിഞ്ഞുള്ള പ്രതിഷേധത്തെ സ്‌പീക്കർ അപലപിച്ചു. സഭാ രേഖകളില്‍ നിന്ന് ഇക്കാര്യം നീക്കി കളയുമെന്നും സ്‌പീക്കർ അറിയിച്ചു. “ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണിത്. പുതിയൊരു വിഭജനത്തിനുള്ള വഴിയാണ് ഈ ബില്ലിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്.” ഒവൈസി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. തുടക്കം മുതലേ പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വീണ്ടും ബിൽ ലോക്‌സഭയിലെത്തിയത്.

Read Also: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഈ 34 കാരിയാണ്

വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചത്. ബിൽ അവതരണത്തെ 293 അംഗങ്ങൾ അനുകൂലിച്ചു. ബിൽ അവതരണത്തെ എതിർത്തത് 82 അംഗങ്ങൾ മാത്രം. പൗരത്വ ബിൽ ഭേദഗതിയെ എതിർക്കുമെന്ന് പറഞ്ഞ ശിവസേന ബിൽ അവതരണത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തിട്ടുണ്ട്. കാലാവധി അവസാനിച്ചതോടെയാണ് ബിൽ വീണ്ടും പാർലമെന്റിലെത്തുന്നത്.

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook