ന്യൂഡല്‍ഹി: സിബിഐ കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ വാദം നടക്കുമ്പോഴായിരുന്നു സംഭവം. കുറ്റാരോപിതനായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം വാദത്തിനിടെ കോടതിയോട് ഒരു ആവശ്യം ഉന്നയിച്ചു. തനിയ്ക്ക് നേരിട്ട് വാദിക്കണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടത്. എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ എതിര്‍ക്കുകയായിരുന്നു.
ഒടുവില്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍പ്പ് മറികടന്ന് കോടതി ചിദംബരത്തിന് വാദിക്കാനായി അനുമതി നല്‍കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍ എന്നിവരാണ് ചിദംബരത്തിനായി കോടതിയില്‍ ഹാജരായത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദങ്ങളുന്നയിച്ചു.
Read Also: താന്‍ തെറ്റുകാരനല്ലെന്ന് ചിദംബരം; എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍
സ്വന്തമായി വാദിക്കാൻ അവസരം ലഭിച്ചതോടെ ചിദംബരം സംസാരിക്കാൻ തുടങ്ങി. താന്‍ എല്ലാ കാര്യത്തിലും കോടതിയുമായി സഹകരിക്കാറുണ്ടെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു. വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ചിദംബരം ‘ഇല്ല’ എന്ന് മറുപടി നല്‍കി. മകന്‍ കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്നും അതിനുള്ള അനുമതി കാര്‍ത്തിക്ക് ഉണ്ടെന്നും ചിദംബരം പറഞ്ഞു.
അതേസമയം, ചിദംബരത്തിനായി വാദിക്കാനെത്തിയ മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍ എന്നിവരെ പ്രശംസിച്ച് കാർത്തി ചിദംബരം രംഗത്തെത്തി. വാദപ്രതിവാദങ്ങൾ വീഡിയോ ആയി സൂക്ഷിക്കണമെന്നും അത് നിയമം പഠിക്കുന്ന വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നും കാർത്തി ചിദംബരം പറഞ്ഞു.