ന്യൂഡൽഹി: കോവിഡ് രോഗികളിൽ ഉൾപ്പടെ കാണുന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് അണുബാധയെ പിടിച്ചുകെട്ടണമെന്ന് ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. അടിയന്തിരമായി കോവിഡ് രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മ്യൂക്കോമൈക്കോസിസ് ബാധിക്കുന്ന 90 ശതമാനം രോഗികളും പ്രമേഹ രോഗികളാണെന്നും അദ്ദേഹം പറഞ്ഞു.
ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും മികവിലേക്ക് നയിക്കുന്നതിനുള്ള ക്ലിനിക്കൽ എക്സലൻസ് പ്രോഗ്രാമിന്റെ സെഷനിൽ സംസാരിക്കുകയായിരുന്നു ഗുലേറിയ.
മ്യൂക്കോമൈക്കോസിസ് കേസുകളുടെ വർദ്ധനവ് പ്രമേഹവും സ്റ്റിറോയിഡ് ഉപയോഗവുമായി ബന്ധപ്പെട്ടാണെന്നു നിലവിലെ ഡാറ്റ കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സർക്കാർ ആശുപത്രികളിൽ 500ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അവിടുത്തെ ഡോക്ടർമാരുമായി നടത്തിയ ചർച്ചയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
“മ്യൂക്കോമൈക്കോസിസ് രോഗികളെ പരിചരിക്കുന്നതിന് മാത്രമായി ഗുജറാത്തിലെ ആശുപത്രികളിൽ ഒന്നിലധികം വാർഡുകൾ സ്ഥാപിച്ചു. ഇപ്പോൾ ഈ രോഗികളെ നോക്കാനായി പകർച്ചവ്യാധി വിദഗ്ധർ, ഇഎൻടി ശസ്ത്രക്രിയാ വിദഗ്ധർ, ന്യൂറോ സർജനുകൾ, പ്ലാസ്റ്റിക് സർജന്മാർ എന്നിവരടങ്ങിയ ഒരു ടീമിനെയും രൂപീകരിക്കുന്നു. മ്യൂക്കോമൈക്കോസിസ് വന്നിട്ടുള്ള എല്ലാ രോഗികളും തന്നെ സ്റ്റിറോയ്ഡ് എടുത്തിരുന്നവരാണ്. 90 മുതൽ 95 ശതമാനം പേർ വരെ പ്രമേഹ രോഗികളും ആയിരുന്നു. കോവിഡ് തനിയെ ലിംഫോപീനിയയിലേക്ക് എത്തിക്കും, അതിനാൽ ഇത് ഫംഗസ് അണുബാധയിലേക്കും രോഗികളെ എത്തിക്കും” ഗുലേറിയ പറഞ്ഞു.
Also Read: കോവിഡ് -19 രോഗികൾക്കു ഭീഷണിയായി ‘കറുത്ത ഫംഗസ്’; എന്താണ് രോഗം, ചികിത്സ എന്ത്?
സ്റ്റിറോയ്ഡ് ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികളെ ചികില്സിക്കുന്നതിന് ചില ഡോക്ടർമാർ ഉപയോഗിക്കുന്ന ടോസിലിസുമാബ് ഇതിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എയിംസിൽ 18-20 മ്യൂക്കോമൈക്കോസിസ് ബാധിച്ച രോഗികൾ ഉണ്ടെന്നും. ആദ്യഘട്ടത്തിന് വിപരീതമായി കോവിഡ് ഉള്ളവരിലും ഈ ഫംഗസ് അണുബാധ കാണുന്നുണ്ടെന്നും ഗുലേറിയ പറഞ്ഞു.
“ഇപ്പോൾ രോഗികൾ കോവിഡ് പോസിറ്റീവ് ആയിരിക്കുമ്പോഴും മ്യൂക്കോമൈക്കോസിസ് ഉണ്ടാകുന്നത് കാണാം. ഇപ്പോൾ രണ്ടു തരം രോഗികളാണ് ഉള്ളത്. മ്യൂക്കോമൈക്കോസിസ് ഉള്ള കോവിഡ് വാർഡിൽ കഴിയുന്ന രോഗികൾ, പിന്നെ കോവിഡ് നെഗറ്റീവ് ആയ മ്യൂക്കോമൈക്കോസിസ് രോഗം ഉള്ളവർ. രണ്ട് തരം രോഗികൾ ഉള്ളത് കൊണ്ടുതന്നെ മാനേജ്മെന്റിന് ഇത് വെല്ലുവിളിയാണ്” അദ്ദേഹം പറഞ്ഞു.
എയിംസിലെ എൻഡോക്രൈനോളജി മെറ്റബോളിസം ഡിപ്പാർട്മെന്റിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ. യാഷ് ഗുപ്ത കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുമ്പോൾ തന്നെ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നു. പ്രമേഹ രോഗികളിൽ പഞ്ചസാരയുടെ അളവ് ഇടക്കിടെ പരിശോധിക്കയുകയും ഇൻസുലിൻ അളവ് കുറച്ചു നൽകുകയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.
Also Read:പ്രമേഹം, അർബുദം, വൃക്ക സംബന്ധമായ രോഗങ്ങള് ഉള്ളവര് ബ്ലാക്ക് ഫംഗസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്
ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഉയർന്ന മ്യൂക്കോമൈക്കോസിസ് കേസുകളെക്കുറിച്ച് ഗുലേറിയ പരാമർശിച്ചു. “പ്രതിരോധിക്കുന്ന കാര്യങ്ങളിൽ ആയിരിക്കണം ശ്രദ്ധ: സ്റ്റിറോയിഡുകൾ ന്യായമായ തോതിൽ മാത്രം ഉപയോഗിക്കുകയും പ്രമേഹത്തിൽ നല്ല നിയന്ത്രണം ഉണ്ടാവുകയും വേണം. ഗുജറാത്തിലെ 10 ശതമാനം കേസുകളിലും രോഗികൾ ആശുപത്രിയിൽ ആയിരുന്നില്ല, വീടുകളിൽ ഐസൊലേഷനിൽ ആയിരുന്നു. വീടുകളിൽ വെച്ചു തന്നെ സ്റ്റിറോയ്ഡ് ഉപയോഗം തുടങ്ങിയവരാണ്. പിന്നീടാണ് മ്യൂക്കോമൈക്കോസിസ് ലക്ഷണങ്ങളുമായി അവർ ആശുപത്രിയിൽ എത്തിയത്. ആദ്യം വന്നത് ഗുജറാത്തിലായിരുന്നു എന്നേയുള്ളു രാജ്യത്തിന്റെ പലഭാഗങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യുന്നത് കാണാം, കാരണം രണ്ടാം ഘട്ടത്തിൽ സ്റ്റിറോയിഡിന്റെ ഉപയോഗം വർധിച്ചിട്ടുണ്ട്”