കോലാലംപൂര്‍: ഇസ്രയേല്‍ പൗരന്മാര്ക്ക് രാജ്യത്ത് പ്രവേശനമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി ഡോ.മഹാദിര്‍ മുഹമ്മദ്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ഇല്ലാത്തത് കൊണ്ട് ഇസ്രയേലുകാര്‍ രാജ്യത്തേക്ക് വരാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില ആളുകള്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ അതിര്‍ത്തി അടച്ച് വയ്ക്കാനുളള അവകാശം തങ്ങള്‍ക്കുണ്ടെന്നും മഹാദിര്‍ കൂട്ടിച്ചേര്‍ത്തു.
‘തെറ്റായ പല കാര്യങ്ങളും ചെയ്യുന്നവര്‍ക്ക് വേണ്ടി വാതില്‍ തുറന്ന് കൊടുക്കേണ്ട കാര്യമില്ലെന്ന് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് തോന്നുന്നുണ്ട്. സ്വന്തം രാജ്യത്തേക്ക് മറ്റ് പലരും കടന്നുവരുന്നതില്‍ പല രാജ്യക്കാരും അതൃപ്തരാണ്. അതുപോലെ തന്നെയാണ് ഞങ്ങളും. അതുകൊണ്ട് തന്നെ ചിലര്‍ക്ക് മുമ്പില്‍ അതിര്‍ത്തി അടച്ച് പൂട്ടാനുളള അവകാശം ഞങ്ങള്‍ക്കുണ്ട്. അതിന് വേണ്ടിയാണ് അതിര്‍ത്തികള്‍ നിലനില്‍ക്കുന്നത്. ഇസ്രയേല്‍ പല തെറ്റായ കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷെ ഒന്നിലും അവര്‍ പിടിക്കപ്പെടുന്നില്ല. കാരണം അവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ പലര്‍ക്കും പേടിയാണ്. ഞങ്ങള്‍ തമ്മില്‍ നയതന്ത്രപരമായ ബന്ധമൊന്നും ഇല്ല. അതുകൊണ്ട് ഇസ്രയേലുകാര്‍ക്ക് മലേഷ്യയിലേക്ക് പ്രവേശനവും ഇല്ല,’ മഹാദിര്‍ പറഞ്ഞു.
സരാവാക്കില് ജൂലൈയില്‍ നടക്കുന്ന ലോക പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രയേലില്‍ നിന്നുളള അത്ലറ്റുകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുളള ചോദ്യത്തിനായിരുന്നു മഹാദിറിന്റെ മറുപടി. ‘ഇസ്രയേല്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ പറയാന്‍ ഞങ്ങള്‍ക്കാവില്ല. കാരണം അവര്‍ വളരെ ശക്തരാണ്. പക്ഷെ അത് കരുതി അവരോട് സൗഹൃദം സ്ഥാപിക്കേണ്ട കാര്യവും ഇല്ല. ഞങ്ങള്‍ക്ക് ഇഷ്ടമുളളവര്‍ക്ക് മുമ്പില്‍ മാത്രമാണ് ഞങ്ങള്‍ അതിര്‍ത്തി തുറക്കുക,’ മഹാദിര്‍ പറഞ്ഞു. യുദ്ധക്കുറ്റങ്ങളില്‍ ഇസ്രയേലിന്റെ പങ്ക് ആരോപിച്ചാണ് മലേഷ്യയുടെ ശക്തമായ നിലപാട് എന്നത് ശ്രദ്ധേയമാണ്.