ലക്‌നൗ: ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ 79 ശിശു മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച കഫീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സസ്പെന്‍ഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചതിനാണ് കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
അഞ്ജാത രോഗം ബാധിച്ച് 45 ദിവസത്തിനുള്ളില്‍ 70ഓളം കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതായിരുന്നു കഫീന്‍ ഖാനും സഹപ്രവര്‍ത്തകരും. എന്നാല്‍ കഫീല്‍ ഖാന്റെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് അദ്ദേഹത്തെ തടഞ്ഞ് വയ്ക്കുകയും തുടര്‍ന്ന് സിംബോളി ഷുഗര്‍ മില്‍ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അതേസമയം അനധികൃതമായാണ് കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അദീല്‍ അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് കഫീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് 79 കുഞ്ഞുങ്ങള്‍ മരണപ്പെടാന്‍ ഇടയാക്കിയതെന്ന് കഫീല്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.
ഗോരഖ്പൂരില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡോ.കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കഫീല്‍ ഖാന്‍ രംഗത്തെത്തിയതോടെയാണ് യുപി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ പ്രതികാരനടപടിയുമായി മുന്നോട്ടുപോയത്.