ലക്‌നൗ: ഗോരഖ്പൂരില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ എട്ട് മാസമായി ജയിലില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു. കഫീലിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി പറയാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ജയിലിന് പുറത്തെത്തിയ ഡോക്ടര്‍ ഭാര്യയേയും മകളേയും ആലിംഗനം ചെയ്തു. മാനസികമായും ശാരീരികമായും താന്‍ ഏറെ തളര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ജയിലിലാവാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്ന് ഇതുവരെയും മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഓക്സിജന്‍ നിലച്ചപ്പോള്‍ സ്വന്തം പണം ചെലവഴിച്ച് കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ പേരില്‍ കഫില്‍ ഖാന്‍ പൊതുജനശ്രദ്ധ നേടിയിരുന്നു. നൂറുകണക്കിനു കുട്ടികള്‍ക്കാണ് അദ്ദേഹം സ്വന്തം നിലക്ക് പ്രാണവായു എത്തിച്ചു നല്‍കിയത്. സംസ്ഥാനത്തെ വ്യത്യസ്ത നഴ്‌സിങ് ഹോമുകളില്‍ നിന്നുമാണ് ഇദ്ദേഹം ഓക്സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ച് ഡോ.കഫീല്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 72 കുഞ്ഞുങ്ങളാണ് ഇവിടെ ഓക്സിജൻ കിട്ടാതെ ഇതിനോടകം പിടഞ്ഞു മരിച്ചത്.

‘ഒരു പിതാവോ, ഡോക്ടറോ യഥാര്‍ത്ഥ ഇന്ത്യക്കാരനോ ചെയ്യുന്ന പ്രവൃത്തിയാണ് ഞാന്‍ അന്ന് ചെയ്തത്. കുട്ടികളെ ചികിത്സിക്കുകയാണ് എന്റെ ജോലി. ഓക്സിജന്‍ തീര്‍ന്നപ്പോള്‍ കൂടുതല്‍ എത്തിക്കാനായി ഞാന്‍ കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചിരുന്നു..എന്നിട്ടും…’, കഫീല്‍ പറഞ്ഞു.

ഓഗസ്റ്റ് പത്തിന് ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പില്‍ നിന്ന് അപായ മണി മുഴങ്ങാന്‍ തുടങ്ങിയതോടെ വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് കഫീല്‍ ഖാന്‍ തിരിച്ചറിയുകയായിരുന്നു. പകച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് മുമ്പില്‍ സമയമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹം ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കുടിശിക നല്‍കാതെ വിതരണം പുനഃസ്ഥാപിക്കില്ലെന്ന പിടിവാശിയില്‍ ഏജന്‍സി ഉറച്ചുനിന്നു. ഇതോടെ മറ്റു ഡോക്ടര്‍മാര്‍ ഭയപ്പാടിലായി. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ കഫീല്‍ ഖാന്‍ ഒരുക്കമായിരുന്നില്ല. രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച് അദ്ദേഹം കാറുമായി തന്‍റെ സുഹൃത്തിന്‍റെ സ്വകാര്യ നഴ്‍സിങ് ഹോമിലേക്ക് പറന്നു. മൂന്നു ഓക്സിജന്‍ സിലിണ്ടറുമായാണ് അദ്ദേഹം ബിഡിആര്‍ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. അത് തികയില്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ വീണ്ടും പോയി 12 ഓക്സിജന്‍ സിലിണ്ടറുകളുമായി തിരിച്ചെത്തി.

അപ്പോഴേക്കും അതുവരെ ഓക്സിജന്‍ വിതരണം ചെയ്തുകൊണ്ടിരുന്ന ഏജന്‍സി പണം തന്നാല്‍ സിലിണ്ടറുകള്‍ എത്തിക്കാമെന്ന് ഉറപ്പുനല്‍കി. പിന്നെയൊന്നും കഫീല്‍ ഖാന് ചിന്തിക്കാനുണ്ടായിരുന്നില്ല. ആശുപത്രി ജീവനക്കാരില്‍ ഒരാളെ വിളിച്ച് അദ്ദേഹം തന്‍റെ എടിഎം കാര്‍ഡ് നല്‍കി. സ്വന്തം പണം നല്‍കിയാണ് അദ്ദേഹം കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്. മനസാന്നിധ്യം വെടിയാതെ തക്കസമയത്ത് കാരുണ്യത്തിന്‍റെ പ്രതിരൂപമായി മാറാന്‍ കഫീല്‍ ഖാന് കഴിഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകളായിരുന്നു. എന്നാല്‍ ഈ നന്മയ്ക്ക് ഉത്തര്‍ പ്രദേശ് ഭരണകൂടം വിധിച്ച പ്രതിഫലം ജയിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook