ലഖ്നൗ: സഹോദരന് വെടിയേറ്റ സംഭവത്തിൽ ഗുരുതര ആരോപണവുമായി ബിജെപി എംപിക്കെതിരെ ഡോ.കഫീൽ ഖാൻ രംഗത്ത്. തന്റെ സഹോദരന് നേരെ വെടിയുതിർത്ത അക്രമികളെ വാടകയ്ക്ക് എടുത്തത് ബിജെപി എംപിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഗൊരഖ്പൂറിലെ ബാബ രാഘവ് ദാസ് മെമ്മോറിയൽ ആശുപത്രിയിൽ ജപ്പാൻ ജ്വരം ബാധിച്ച കുട്ടികൾ കൂട്ടമായി മരിച്ച സംഭവത്തിന് പിന്നാലെ സസ്പെൻഷനിലായ ഡോക്ടറാണ് കഫീൽ ഖാൻ. സ്വന്തം പണം മുടക്കി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ എത്തിച്ച കഫീൽ ഖാനെ മാസങ്ങളോളം തടവിലിട്ടിരുന്നു.
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ കാഷിഫ് ജമീലിന് ഈ മാസം പത്തിന് വീട്ടിലേക്കുളള യാത്രക്കിടെയാണ് വെടിയേറ്റത്. കഫീൽ ഖാൻ പുറത്തിറങ്ങിയ ശേഷം ജൂൺ പത്തിനായിരുന്നു സംഭവം. ബിജെപി എംപി കമലേഷ് പാസ്വാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് കഫീൽ ഖാൻ ആരോപിച്ചിരിക്കുന്നത്.
“കമലേഷ് പാസ്വാനും ബൽദേവ് പ്ലാസയുടെ ഉടമ സതീഷ് നൻഗാലിയയും ചേർന്നാണ് സഹോദരനെ ആക്രമിക്കുന്നതിനായി ഷൂട്ടർമാരെ വാടകയ്ക്ക് എടുത്തത്. കമലേഷിന് എന്റെ സഹോദരനോടു യാതൊരു ശത്രുതയുമില്ല. ഫെബ്രുവരിയിൽ എന്റെ അമ്മാവന്റെ കുറച്ചുസ്ഥലം കമലേഷും സതീഷും ചേർന്ന് കൈയേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഇതാകാം അക്രമത്തിനു കാരണം,” കഫീൽ ഖാൻ പറഞ്ഞു.
ആക്രമണം നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കുമെന്ന് ഉത്തർപ്രദേശ് പോലീസ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. കേസ് സിബിഐക്ക് വിടണമെന്നാണ് കഫീൽ ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ