ന്യൂഡല്‍ഹി : സ്ത്രീധന പീഡന നിയമം “പുരുഷന്മാരെ ഉപദ്രവിക്കാനുള്ള” ഉപാധിയും “നിയമ ഭീകരത”യുമാണ്. ആ നിയമത്തില്‍ വേണ്ട ഭേദഗതികള്‍ കൊണ്ടുവരണം എന്നും ബിജെപി എംപി അന്‍ശുല്‍ വര്‍മ ലോക്സഭയില്‍ ആവശ്യപ്പെട്ടു. 1998 മുതല്‍ 2015വരെയുള്ള കാലഘട്ടത്തില്‍ 27 ലക്ഷം പുരുഷരാണ് ഈ നിയമം ചൂണ്ടിക്കാണിച്ചുകൊണ്ട് അറസ്റ്റ് ചെയ്യാപ്പെട്ടത് എന്നും അതില്‍ പ്രായപൂര്‍ത്തിയാവാത്തവരും ഉള്‍പ്പെടും എന്നും അന്‍ശുല്‍ പറഞ്ഞു.
ഭാര്യയുടെ പരാതിമേല്‍ പുരുഷനേയും അവന്‍റെ കുടുംബത്തെയും അറസ്റ്റ്ചെയ്യാവുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെഷന്‍ 498 ഭേദഗതി വരുത്തണം എന്നായിരുന്നു ശൂന്യവേളയില്‍ ബിജെപി എംപി ആവശ്യപ്പെട്ടത്. ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി സുപ്രീംകോടതിയും ഹൈകോടതിയും പറഞ്ഞതായും എംപി ലോക്സഭയെ അറിയിച്ചു. ഈ നിയമം കാരണം പല പുരുഷന്മാരും ആത്മഹത്യ ചെയ്യുകയും ” വിവാഹത്തിന്‍റെ രക്തസാക്ഷികള്‍” ആവുകയും ചെയ്തിട്ടുണ്ട് എന്നും അന്‍ശുല്‍ പറഞ്ഞു.
“ഈ നിയമത്തിന്‍റെ കുറവുകള്‍ പരിഹരിക്കണം. സ്ത്രീപക്ഷം എന്നാല്‍ പുരുഷവിരുദ്ധം എന്നല്ല. ഒരു പുരുഷ സഹായ സെല്‍ ആരംഭിക്കണം ” എന്നും അന്‍ശുല്‍ വര്‍മ പറഞ്ഞു. പഞ്ചാബിലെ ഹരദോയിയില്‍ നിന്നുമുള്ള എംപിയാണ് അന്‍ശുല്‍ വര്‍മ.