ഫ്ലോറിഡ: സ്കൂളില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ 17 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അടച്ച മാര്‍ജോരി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂള്‍ വീണ്ടും തുറന്നു. ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അതീവ സുരക്ഷയില്‍ സ്കൂള്‍ തുറന്നത്. നടുക്കുന്ന ഓര്മകളോടെ വീണ്ടും ഒരുമിച്ച് ചേര്‍ന്ന ആദ്യ നിമിഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അതീവ ഗൗരവത്തോടെയും ദുഃഖത്തോടെയും കാണപ്പെട്ടതായി അധ്യാപകര്‍ പറയുന്നു.
എന്നാല്‍ പരസ്പരം കെട്ടിപ്പിടിച്ചും തമാശ പറഞ്ഞും വീണ്ടും പഴയത് പോലെ തന്നെയാവുകയായിരുന്നു. എല്ലാ അധ്യാപകരേയും കെട്ടിപ്പിടിച്ച് കൊണ്ടാണ് ഓരോ വിദ്യാര്‍ത്ഥികളും ക്ലാസ്സിലേക്ക് കയറിയത്. നൂറ് കണക്കിന് പൊലീസുകാരാണ് കൗമാരക്കാര്‍ക്ക് സുരക്ഷയൊരുക്കിയത്. വര്ണാഭമാക്കാനായി പട്ടികളേയും കുതിരകളേയും കഴുതകളേയും അകമ്പടിക്ക് ഒരുക്കുകയും ചെയ്തിരുന്നു. സമീപത്ത് സൗജന്യമായി ആലിംഗനം നല്‍കാനായി യുവതിയും ഉണ്ടായിരുന്നു.
എല്ലാ ചുമരുകളിലും ലോകത്തെ പലയിടങ്ങളില്‍ നിന്നായി പിന്തുണ അറിയിച്ച് കൊണ്ടുളള സന്ദേശങ്ങളും ബാനറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജം നല്കി. സൈന്യത്തിന്റേതിന് സമാനമായ റൈഫിളുകളോടെയാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പൊലീസ് ഉടനെയൊന്നും പ്രദേശത്ത് നിന്നും പിന്‍വാങ്ങില്ല. മാനസികമായി സാധാരണരീതിയിലെത്താനാണ് ഇപ്പോള്‍ ക്ലാസ് തുടങ്ങിയതെന്നും പഠനത്തിലേക്ക് സാവധാനം മാത്രമേ നീങ്ങുകയുളളൂവെന്നും പ്രിന്‍സിപ്പല്‍ ടിവൈ തോമസ് വ്യക്തമാക്കി.