ബെംഗളൂരു: കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ശക്തമാകുമ്പോൾ, വീണ്ടും നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് നിയമങ്ങളും കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കർണാടകയിലെ ബഗൽകോട്ടിലെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.
“കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്ന് കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം പലമടങ്ങ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതുവഴി കർഷകർക്ക് രാജ്യത്തും ലോകത്തെവിടെയും കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും,” അമിത് ഷാ ബഗൽകോട്ടിൽ പറയുന്നു.
കഴിഞ്ഞയാഴ്ച സുപ്രീം കോടതി കാർഷിക നിയമങ്ങള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ഒമ്പത് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പത്താംവട്ട ചര്‍ച്ച ചൊവ്വാഴ്ച നടക്കും.
Read More: ഇഎംഎസിനേക്കാൾ മിടുക്കൻ; പിണറായി ശരിയെന്ന് തെളിഞ്ഞു, നേരിൽ കണ്ട് മാപ്പ് പറയണമെന്ന് ബെർലിൻ കുഞ്ഞനന്തൻ
അധികാരത്തിൽ വന്നതിനുശേഷം മോദി സർക്കാർ കാർഷിക മേഖലയ്ക്കുള്ള ബജറ്റും വിവിധ വിളകളുടെ മിനിമം താങ്ങു വിലയും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നരേന്ദ്ര മോദി സർക്കാരിന് എന്തെങ്കിലും വലിയ മുൻഗണനയുണ്ടെങ്കിൽ അത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.”
കർണാടക മന്ത്രി മുരുകേഷ് ആർ നിരാനിയുടെ നേതൃത്വത്തിൽ എംആർഎൻ ഗ്രൂപ്പിന്റെ കർഷക സൗഹാർദ്ദ പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത ശേഷം സംസാരിച്ച ഷാ, കർഷകരുടെ ക്ഷേമത്തിനായുള്ള കേന്ദ്രസർക്കാരിന്റെ വിവിധ പരിപാടികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും എണ്ണമിട്ട് സംസാരിച്ചു.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും സംസ്ഥാനത്തെ ബിജെപി സർക്കാരും കർഷകരുടെ ക്ഷേമത്തിനായി ഏറെ പ്രവർത്തിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്ന കേണ്‍ഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.
“അധികാരത്തിലിരുന്ന കാലത്ത് നിങ്ങള്‍ എന്തുകൊണ്ട് 6000 രൂപ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയില്ല. പ്രധാന്‍മന്ത്രി ഫസല്‍ ഭീമാ യോജന, ഭേദഗതി വരുത്തിയ എഥനോള്‍ പോളിസി എന്നിവ എന്തുകൊണ്ട് അക്കാലത്ത് നടപ്പാക്കിയില്ലെ”ന്നും അമിത് ഷാ ചോദിച്ചു. കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
“നരേന്ദ്ര മോദി സർക്കാർ കർഷകർക്കായി സമർപ്പിക്കപ്പെട്ട സർക്കാരാണ്. മോദി സർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ നിയമങ്ങൾ കർണാടക സർക്കാരും പാസാക്കിയിട്ടുണ്ട്… ഇതിന് യെദ്യൂരപ്പിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കർഷകരുടെ വരുമാനം ഇനി പലമടങ്ങ് വർദ്ധിക്കും,” അമിത് ഷാ പറഞ്ഞു.