ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ ജെഎന്‍ ഗണേഷിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്ര്‌സ് എംഎല്‍എയായ ആനന്ദ് സിങിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ഗണേഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.

ബെംഗളൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നടന്ന തമ്മിലടിയിലാണ് ആനന്ദിന് പരുക്കേറ്റത്. അദ്ദേഹം ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈഗിള്‍ടണ്‍ റിസോര്‍ട്ടിലായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്നത്.

കമ്പിയില്‍ നിന്നുമുള്ള എംഎല്‍എയായ ഗണേഷ് വിജയനഗരത്തില്‍ നിന്നുമുള്ള എംഎല്‍എയായ ആനന്ദ് സിങിനെ മദ്യക്കുപ്പി കൊണ്ട് തലക്കടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് അടിയിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്നും അതിനാല്‍ കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ഗണേഷിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നുവെന്നും കോണ്‍ഗ്രസ് പത്ര കുറിപ്പിലൂടെ അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പരമേശ്വരയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. നേരത്തെ എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന ആരോപണങ്ങളെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്നാണ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു മന്ത്രി ഡികെ ശിവകുമാര്‍ നല്‍കിയ വിശദീകരണം.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ പുരോഗമിച്ചതോടെയാണ് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് എംഎല്‍എമാര്‍ തമ്മിലുള്ള വാക്കുത്തര്‍ക്കങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook