ന്യൂഡൽഹി: സിനിമകളും സീരിയലുകളും കാര്‍ട്ടൂണ്‍ പരിപാടികളും സംഗീത പരിപാടികളുമൊക്കെയായി ദൂരദര്‍ശന്‍ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 60 വർഷം. 1959 സെപ്റ്റംബര്‍ 15നാണ് ദൂരദര്‍ശന്‍ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താൽക്കാലിക സ്റ്റുഡിയോയിലുമായി ആരംഭിച്ച ദൂരദര്‍ശന്‍ ഒരുകാലഘട്ടത്തിന്റെ ദൃശ്യസംസ്‌കാരത്തിനായിരുന്നു തുടക്കം കുറിച്ചത്. നിരവധി പരിമിതികള്‍ മൂലം ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷമാണ് 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങിയത്.

ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേഷണം ആരംഭിച്ചത്. ദൂരദര്‍ശന്റെ ദേശീയ പ്രക്ഷേപണം 1982-ല്‍ ആരംഭിച്ചു. 82-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും ദൂരദര്‍ശന്‍ ലൈവായി സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്.  ഹം ലോഗ്, ബുനിയാദ്,  രാമായണം, മഹാഭാരതം പരമ്പരകളും രംഗോലി, ചിത്രഹാര്‍, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എണ്‍പതുകളെ ദൂരദര്‍ശന്‍ സുരഭിലമാക്കി.

മലയാളികളുടെ ജീവിതത്തിലേക്ക് ഹിന്ദി ഗാനങ്ങളെ പരിചയപ്പെടുത്തിയതില്‍ ദൂരദര്‍ശനിലെ ‘ചിത്രഹാർ’ എന്ന പരിപാടിയുടെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. മാധുരി ദീക്ഷിതും, ജൂഹി ചൗളയും, റാണി മുഖര്‍ജിയും, കജോളും, ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനുമെല്ലാം മലയാളികളുടെ സ്വീകരണമുറികളിലെത്തി.

ഇന്നു കാണുന്ന അമ്മായിയമ്മ-മരുമകള്‍ കുടുംബ കലഹങ്ങളായിരുന്നില്ല അന്നത്തെ ദൂരദര്‍ശന്‍റെ സീരിയലുകള്‍ക്ക് ആധാരം. ഇന്ത്യ-പാക്കിസ്ഥാൻ വിഭജനകാലത്തിന്റെ കഥ പറഞ്ഞ ബുനിയാദ് മലയാളികള്‍ക്കും പ്രിയപ്പെട്ട പരമ്പരയായി. വിഭജനകാലത്ത് ഒരു കുടുംബം കടന്നു പോയ കഷ്ടപ്പാടുകളായിരുന്നു ബുനിയാദിന്റെ ആധാരം. പ്രശസ്ത ടെലിവിഷന്‍ അഭിനേതാവ് ആലോക് നാഥിന്റെ തുടക്കം ബുനിയാദിലൂടെയായിരുന്നു.

ഇന്ത്യയിലെ ആദ്യ ടെലിവിഷന്‍ സീരിയല്‍ ദൂരദര്‍ശന്റെ ‘ഹം ലോഗ്’ ആയിരുന്നു. 1984 ജൂലൈയിലായിരുന്നു ‘ഹം ലോഗ്’ ആരംഭിച്ചത്. മധ്യവര്‍ഗ കുടുംബത്തിന്റെ കഥ പറഞ്ഞ ‘ഹം ലോഗ്’ 154 എപ്പിസോഡുകള്‍ നീണ്ടു നിന്നു. ഓരോ എപ്പിസോഡിന്റെ അവസാനത്തിലും പ്രശസ്ത നടന്‍ അശോക് കുമാര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പതിവായിരുന്നു.

രാമായണം, മഹാഭാരതം കഥകളെ അടിസ്ഥാനമാക്കിയുള്ള സീരിയലുകളായിരുന്നു ദൂരദര്‍ശനെക്കുറിച്ചുള്ള മറ്റൊരു പ്രിയപ്പെട്ട ഓര്‍മ. ഓം നമഃശിവായ, ജയ് ഹനുമാന്‍, ശ്രീകൃഷ്ണ സീരിയലുകള്‍ കാണാന്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ കാത്തിരുന്നു.

ദേശീയോദ്ഗ്രഥനത്തേയും മത മൈത്രിയേയും പ്രോത്സാഹിപ്പിക്കുന്നതിൽ നാഷണൽ ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ ശ്ലാഘനീയമായിരുന്നു ദൂരദർശന്റെ പ്രവർത്തനങ്ങൾ. ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി 1988ൽ ദൂരദർശനിൽ പ്രക്ഷേപണം ചെയ്തു പോന്നിരുന്ന ” മിലേ സുര്‍ മേരാ തുമാര,” “ദേശ് രാഗ്” പോലുള്ള പ്രൊഡക്ഷൻസ് രാജ്യത്തിന്റെ തന്നെ സ്വരമായി മാറുകയായിരുന്നു.

ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യത്തെയായിരുന്നു ഈ ഗാനം ഉയർത്തിപ്പിടിച്ചിരുന്നത്. 14 ഇന്ത്യൻ ഭാഷകളിലായിരുന്നു ഈ ഗാനം സംസാരിച്ചത്. ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം എന്നു പോലും ”മിലേ സുര്‍ മേരാ തുമാര”യെ ജനങ്ങൾ വിശേഷിപ്പിച്ചു. ‘എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേര്‍ന്നു നമ്മുടെ സ്വരമായ്’ എന്ന് ആനപ്പുറത്തിരുന്നു പാടിയ മലയാളിയേയും നമ്മൾ മറക്കാനിടയില്ല.

Read More: വാടക വീട്ടിലെ ടിവിയും മതിലുകളും

രാജ്യം കലുഷിതമായൊരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ നമ്മളൊന്നാണ്, ഇന്ത്യയൊന്നാണ് എന്ന സന്ദേശം ഓരോ ഇന്ത്യക്കാരനിലും എത്തിച്ചത് ദൂരദർശൻ തന്നെയായിരുന്നു.   പരിപാടികളുടെ  ഇടവേളകളിൽ രാജ്യത്തിന്റെ അഖണ്ഡതയെ ഓർമിപ്പിക്കുന്ന പാട്ടുകളും ദൃശ്യങ്ങളും സംപ്രേഷണം ചെയ്തു പോന്നു. ‘ഏക് തിത്‌ലി അനേക് തിത്‌ലിയാൻ’ എന്ന ഗാനം മറ്റൊരു ഉദാഹരണം.

നഗരപ്രദേശങ്ങളിൽ ജീവിക്കുന്ന താഴേക്കിടയിലുള്ള മനുഷ്യരുടെ കഥ പറഞ്ഞ ‘നുക്കഡാ’യിരുന്നു എടുത്തു പറയേണ്ട മറ്റൊരു പരമ്പര. ഇവരുടെ ഐക്യത്തെക്കുറിച്ചായിരുന്നു കുന്ദൻ ഷായും സയ്യിദ് മിർസയും ചേർന്നൊരുക്കിയ ‘നുക്കഡ്’ സംസാരിച്ചത്. കശ്മീരിലെ ഡാൽ തടാകവും ജല നൗകകളും തീവ്രവാദത്തിന്റെ മരവിപ്പിൽ അമർന്നപ്പോൾ ഗുൽ ഗുൽഷൻ ഗുൽഫാം എന്ന പരമ്പര സാധാരണ കശ്മീരി ജീവിതത്തെ ഇന്ത്യയ്ക്കു മുന്നിൽ തുറന്നുകാട്ടി.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രം എക്കാലവും ഓർത്തുവയ്ക്കുന്ന അടിയന്തരാവസ്ഥയും നോട്ടു നിരോധനവും പ്രഖ്യാപിക്കാൻ ഇരു പ്രധാനമന്ത്രിമാരും ഉപയോഗിച്ചത് ദൂരദർശനെ തന്നെയായിരുന്നു. 1975 ജൂൺ 25ന് ഇന്ദിരാഗാന്ധി ദൂരദർശനിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ 2016 നവംബർ എട്ടിന് നരേന്ദ്ര മോദി ദൂരദർശനിലൂടെ നോട്ടുനിരോധനം പ്രഖ്യാപിച്ചു.

ഇന്ത്യയുടെ തന്നെ വിവിധ സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്ന ടെലിവിഷന്‍ പരിപാടി ‘സുരഭി’യായിരുന്നു ദൂരദര്‍ശന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. 1993ല്‍ ആരംഭിച്ച ‘സുരഭി’ 2001 വരെ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തു. സിദ്ധാർഥ് കാക്കും രേണുക ഷഹാനേയുമായിരുന്നു പരിപാടിയുടെ അവതാരകര്‍.

നാടന്‍ കലാരൂപങ്ങളായിരുന്നു സുരഭിയുടെ പ്രധാന ഫോക്കസ്. നാടോടി നൃത്തം, ഗോത്ര പാരമ്പര്യം, ക്ഷേത്രശില്പങ്ങള്‍ എന്നിവയെല്ലാം സുരഭി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഏറ്റവുമധികം പ്രേക്ഷകരുടെ പ്രതികരണം ലഭിച്ച പരിപാടി എന്ന ഖ്യാതിയോടെ സുരഭി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം നേടി.

വാരാന്ത്യത്തിൽ ബധിരരും മൂകരുമായ ആളുകൾക്കായുള്ള വാർത്താ പ്രക്ഷേപണം ആദ്യം ആരംഭിച്ചതും ദൂരദർശൻ തന്നെയായിരുന്നു. ഒരാഴ്ചയിലെ മുഴുവൻ വാർത്തകളേയും ചുരുങ്ങിയ രൂപത്തിലായിരുന്നു അവതരിപ്പിച്ചിരുന്നത്. കർഷകർക്കായി വൈകുന്നേരങ്ങളിൽ സംപ്രേഷണം ചെയ്തിരുന്ന കൃഷിദർശനും ദൂർദർശൻ തുടങ്ങിവച്ച പരിപാടികളിൽ ഒന്നായിരുന്നു. കർഷകർക്കായുള്ള ആദ്യ പരിപാടിയായിരുന്നു കൃഷിദർശൻ.

ഇന്ന് ഇന്ത്യയിലെ പല പ്രമുഖ ചാനലുകളുടേയും സ്ഥാപകരുടെ  തുടക്കകാലവും ദൂരദർശനോടൊപ്പമായിരുന്നു. എൻഡി ടിവിയുടെ മേധാവി പ്രണോയ് റോയ്, ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാർ എന്നിവരുടെ തുടക്കം കുറിച്ചത് ദൂരദർശനിൽ തന്നെയായിരുന്നു.

60 വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു ചാനലും നല്‍കാത്ത ഗൃഹാതുരത നിറഞ്ഞ ഓർമകളാണ് ദൂരദര്‍ശന്‍ ഓരോ മലയാളിക്കും സമ്മാനിച്ചിട്ടുള്ളത്. ഒരുപാട് തലമുറകളുടെ ബാല്യത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ദൂരദര്‍ശനുമുണ്ടാകുമെന്ന് തീര്‍ച്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook