സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങളുടെ പേരില്‍ ബിജെപിയുടെ കടുത്ത എതിര്‍പ്പിന് പാത്രമായ തമിഴ് ചിത്രം ‘മെര്‍സല്‍’ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബിജെപി നേതാവ് എച്ച് രാജയുടെ നാവൊന്നു പിഴച്ചതാണ് പുതിയ പ്രശ്‌നങ്ങളുടെ തുടക്കം. ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായെത്തിയ ബിജെപി നേതാവിനോട് ‘താങ്കള്‍’ സിനിമ കണ്ടോ എന്ന ചോദ്യത്തിന് ‘നെറ്റില്‍ ഞാന്‍ കണ്ടിരുന്നു’ എന്ന മറുപടി നല്‍കി പുലിവാല് പിടിച്ചിരിക്കുകയാണെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടനുമായ വിശാല്‍ ഉള്‍പ്പെടെയുള്ളവരാണ് നേതാവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ നേതാവ് പരസ്യമായി സമ്മതിക്കുന്നു താന്‍ പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് നിയമ വിരുദ്ധമായി ഏതോ വെബ് സൈറ്റില്‍ കണ്ടുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതു വിഷമകരമാണ്. ഇനി ഗവണ്‍മെന്റ് പൈറസിയെ നിയമപരമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ? സിനിമാ മേഖലയില്‍ ഉള്ളവരേയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളേയും മരണത്തിലേക്ക് തള്ളിവിടാനാണോ സര്‍ക്കാര്‍ ഒരുങ്ങുന്നത്?’ വിശാല്‍ തന്റെ പ്രസ്താവനയില്‍ ചോദിക്കുന്നു.

ചെയ്ത തെറ്റിന് നിരുപാധികമായി രാജ മാപ്പു പറയണമെന്നും പ്രസ്താവനയില്‍ വിശാല്‍ ആവശ്യപ്പെടുന്നു. നടന്‍ പാര്‍ത്തിപന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

സിനിമ മുഴുന്‍ കണ്ടില്ലെന്നും, സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ചില രംഗങ്ങള്‍ ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആ രംഗങ്ങള്‍ മാത്രമേ കണ്ടുവുള്ളൂവെന്നും രാജ പരിപാടിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ കണ്ടത് ഇന്റര്‍നെറ്റില്‍ വൈറലായ രംഗങ്ങള്‍ മാത്രമാണ്, മുഴുവന്‍ സിനിമയും വെബ് സൈറ്റില്‍ കണ്ടുവെന്ന് എവിടെയെങ്കിലും പറഞ്ഞിരുന്നോ എന്നും അദ്ദേഹം പ്രതികരിച്ചതായും ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ