ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നു എങ്കില്‍ അത് നല്ല ഭരണം മാത്രമാണ് എന്നാണ് എണ്‍പത്തിയൊന്നുകാരനായ സ്റ്റാന്‍ സ്വാമി എന്ന ജെസ്യൂട്ട് പുരോഹിതന്‍ പറയുന്നത്. ഭീമാ കൊറേഗാവിലെ കലാപങ്ങള്‍ക്ക് വഴിവയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിടുകയും ചെയ്തു എന്നാരോപിച്ച് പുണെ പൊലീസ് റെയ്ഡ് ചെയ്ത പുരോഹിതന്‍ പറയുന്നു.

“ഞങ്ങളില്‍ ഒരാള്‍ പോലും പ്രധാനമന്ത്രിക്ക് മോശമായി എന്തെങ്കിലും സംഭവിക്കണം എന്ന് കരുതുന്ന ആളല്ല. മോദിയെ കുറിച്ച് എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അത് അദ്ദേഹം നല്ല ഭരണം കാഴ്ചവയ്ക്കണം എന്ന് മാത്രമാണ്” ഫാദര്‍ സ്റ്റാന്‍ സ്വാമി എന്‍ഡിടിവിയോട് പറഞ്ഞു.

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് മുപ്പത് മിനിറ്റ് സഞ്ചരിച്ചാലെത്തുന്ന നുംകുമില്‍ ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തി വരികയാണ് സ്റ്റാന്‍ സ്വാമി. ഒമ്പത് ആക്ടിവിസ്റ്റുകളെയാണ് മഹാരാഷ്ട്ര പൊലീസ് റെയ്ഡ് ചെയ്തത്. ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് വരിച്ചവരില്‍ സുധാ ഭരദ്വജിനോട്‌ മാത്രമാണ് തനിക്ക് അടുത്ത ബന്ധമ്മുള്ളത് എന്ന് സ്റ്റാന്‍ സ്വാമി പറയുന്നു. വിവിധ കേസുകളില്‍ കുടുക്കി വിചാരണ കൂടാതെ കാലങ്ങളായി ജയിലില്‍ കഴിയുന്ന ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമാണ് തങ്ങള്‍ എന്ന് ഫാദര്‍ സ്റ്റാന്‍ സ്വാമി പറഞ്ഞു.

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകള്‍ ആരൊക്കെ?

ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് റാഞ്ചിയില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വീട്ടിലേക്ക് പൊലീസ് എത്തുന്നത്. മറാത്തിയിലുള്ള സെര്‍ച്ച്‌ വാറന്റ് കാണിച്ച ശേഷം അവര്‍ തന്റെ മുറിയിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട് തിരയുകയായിരുന്നുവെന്ന് സ്റ്റാന്‍ സ്വാമി പറഞ്ഞു. മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷം ഫോണ്‍, ലാപ്ടോപ്, ടാബ്‌ലെറ്റ്, ഓഡിയോ കാസറ്റുകള്‍, രേഖകള്‍ തുടങ്ങി ഒട്ടനവധി സാധനങ്ങള്‍ പൊലീസ് കണ്ടുകെട്ടിയതായും ഫാദര്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മഹാരാഷ്ട്രയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയുമായി ബന്ധമാരോപിച്ചുകൊണ്ടാണ് രാജ്യവ്യാപകമായി മഹാരാഷ്ട്ര പൊലീസ് റെയ്ഡ് നടത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍, ട്രെയിഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, ദലിത് പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പൊലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook