ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല എന്ന് പെണ്‍കുട്ടിയുടെ അമ്മ. ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവിടെ നിന്ന് തല്‍ക്കാലം മാറ്റേണ്ട ആവശ്യമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ സുപ്രീം കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി ഇപ്പോഴും മോശമായി തുടരുകയാണ്. ബോധം തെളിഞ്ഞിട്ടില്ല, പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അതിനാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

കുടുംബവുമായി ആലോചിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹി എയിംസിലേക്ക് പെണ്‍കുട്ടിയെ മാറ്റാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അഞ്ചുകേസുകളാണ് നിലവില്‍ ഉന്നാവ് കേസുമായി ബന്ധപ്പെട്ടുള്ളത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. നഷ്ടപരിഹാര തുക നൽകിയതായി സർക്കാർ അറിയിച്ചിട്ടുണ്ട്.

Read Also: ലോക്‌സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് രമ്യ ഹരിദാസ്; ഉന്നാവ് വിഷയം പരാമര്‍ശിച്ചു

പെണ്‍കുട്ടിക്കും അഭിഭാഷകനും അമ്മയ്ക്കും പെണ്‍കുട്ടിയുടെ നാല് സഹോദരങ്ങള്‍ക്കും അമ്മാവനും അടുത്ത ബന്ധുക്കള്‍ക്കും സുരക്ഷ ഉറപ്പ് വരുത്താനും കോടതിയുടെ ഉത്തരവുണ്ട്. കേസിന്റെ വിചാരണ നടത്താന്‍ ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വേണമെന്നും സുപ്രീം കോടതി വിധിച്ചു. കൂടാതെ കുടുംബത്തിന് സമ്മതമാണെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹിയിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. വാഹനാപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അയച്ച കത്താണ് കോടതി ഇന്നലെ പരിഗണിച്ചത്. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 12-നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കത്ത് തന്റെ മുന്നിലേക്ക് എത്താന്‍ വൈകിയതിനെ കുറിച്ച് സുപ്രീം കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook