ന്യൂഡൽഹി: ജൂൺ 15-16 രാത്രി ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുള്ള കടുത്ത ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേണൽ ബി സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള 20 ഇന്ത്യൻ സൈനികരുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേറ്റതായും ഒന്നിലധികം ഒടിവുകളുള്ളതായും വൃത്തങ്ങൾ അറിയിച്ചു.
രക്തസാക്ഷികളായ സൈനികരുടെ മൃതദേഹങ്ങളിൽ നിന്ന് അവർ ശക്തമായ യുദ്ധം നടത്തിയതായി മനസിലാക്കാം. മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള പരുക്കുകളും ഒന്നിലധികം തവണ കുത്തേറ്റ മുറിവുകളും നിരവധി ഒടിവുകളുമുണ്ട്,” മൃതദേഹങ്ങൾ കണ്ട ലേയിലെ സോനം നർബൂ മെമ്മോറിയൽ (എസ്എൻഎം) ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.
അതേസമയം ചെെന പ്രകോപനത്തിനു വന്നാൽ ഉചിതമായ മറുപടി നൽകണമെന്ന് സെെന്യത്തിനു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. “നമ്മുടെ ഭാഗത്തുനിന്ന് പ്രകോപനം അരുത്. അതേസമയം, എതിർഭാഗത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടായാൽ ഉചിതമായ മറുപടി നൽകുക,” ഇന്നലെ നടന്ന അവലോകനയോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സെെനിക മേധാവികൾക്ക് നിർദേശം നൽകിയതായി കേന്ദ്ര സർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
സെെന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടാകരുതെന്നും കേന്ദ്രം നിർദേശം നൽകിയതായാണ് വിവരം. ഉചിതമായ തീരുമാനമെടുക്കാൻ എല്ലാ സ്വാതന്ത്ര്യവും സെെന്യത്തിനു നൽകിയിട്ടുണ്ട്. സെെനിക തലത്തിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. സെെന്യം പൂർണ സജ്ജമാണ്. ഏത് പ്രതികൂല സാഹചര്യവും നേരിടാൻ തയ്യാറാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
Read Also: മന്ത്രി വി.എസ്.സുനിൽകുമാർ കോവിഡ് നിരീക്ഷണത്തിൽ
അതേസമയം, ലഡാക്ക് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി പ്രസ്താവന വിവാദമായതിന് പിന്നാലെ കൂടുതൽ ചോദ്യങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നമ്മുടെ പ്രദേശത്തേക്ക് ആരും നുഴഞ്ഞു കയറിയില്ല എന്ന് പ്രധാനമന്ത്രി സർവ കക്ഷി യോഗത്തിൽ പറഞ്ഞത് എന്തുകൊണ്ട് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. പിന്നീട് ഔദ്യോഗിക പ്രസ്താവനയിൽ നിന്ന് ഇത് ഒഴിവാക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
‘എന്തുകൊണ്ടാണ് സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരും നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പറഞ്ഞത്? എന്തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ആ ഭാഗം നീക്കം ചെയ്തത്? നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് 20 സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്, 85 പേര്‍ക്ക് പരിക്കേറ്റത് 10 ജവാന്മാരും ഓഫീസര്‍മാരും ചൈനക്കാരുടെ പിടിയിലായത്?’ കപില്‍ സിബല്‍ ചോദിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
Read Also: Horoscope Today June 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
എന്നാൽ, പ്രസ്താവന ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ”യഥാര്‍ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ഏതുശ്രമവും ശക്തമായി നേരിടും. അത്തരം ശ്രമങ്ങള്‍ മുന്‍കാലങ്ങളില്‍ അവഗണിക്കപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശക്തമായ തിരിച്ചടി നല്‍കാറുണ്ട്. ചൈനയുടെ സൈനികര്‍ വളരെക്കൂടുതലുണ്ടായിരുന്നു. അതിനു സമാനമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. നിയന്ത്രണരേഖയ്ക്ക് തൊട്ടപ്പുറം നടത്തുന്ന നിര്‍മാണത്തില്‍നിന്ന് ചൈന പിന്മാറാത്തതുകൊണ്ടാണ് ജൂണ്‍ 15-ന് സംഘര്‍ഷം നടന്നത്.” പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read in English: ‘Sharp-weapon wounds, multiple fractures in Galwan dead’