വാരണാസി: ‘അഴുക്ക് പ്രചരിപ്പിക്കാന്‍’ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതൊരു പ്രത്യയശാസ്ത്രം സംബന്ധിച്ച കാര്യമല്ലെന്നും മാന്യതയുളള ഒരു സമൂഹത്തിന് ചേര്‍ന്ന കാര്യമല്ല ഇതെന്നും മോദി പറഞ്ഞു. വാരണാസിയില്‍ നിന്നുളള ബിജെപി പ്രവര്‍ത്തകരോടും വോളന്റിയര്‍മാരോടും വീഡിയോ സന്ദേശത്തിലാണ് മോദി ഇത് വ്യക്തമാക്കിയത്. സമൂഹത്തെ ശക്തിപ്പെടുത്തുന്നതും പോസിറ്റീവ് ആയിട്ടുളളതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു കുടുംബത്തില്‍ നടക്കുന്ന തര്‍ക്കം പോലും ഇന്ന് ദേശീയ വാര്‍ത്തകളായി പരിണമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജനങ്ങള്‍ തെറ്റായ വിവരം ലഭിച്ചാലും അത് മറ്റുളളവര്‍ക്ക് അയച്ച് കൊടുക്കുകയാണ്. അവ സമൂഹത്തിന് എത്രമാത്രം ദോഷമാണ് ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഒരു മാന്യതയുളള സമൂഹത്തിന് ചേരാത്ത വാക്കുകള്‍ ഉപയോഗിക്കുകയാണ് ചിലര്‍. സ്ത്രീകളെ പറ്റി എന്തും എഴുതുകയും പറയുകയും ചെയ്യുകയാണ് ഇത്തരക്കാര്‍’, മോദി വിമര്‍ശിച്ചു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് പ്രത്യയശാസ്ത്രത്തെ കുറിച്ചോ അല്ല തന്റെ വിമര്‍ശനമെന്നും അദ്ദേഹം വിശദീകരിച്ചു. ‘ഞാന്‍ പറയുന്നത് 125 കോടി ജനങ്ങളെ കുറിച്ചാണ്. സോഷ്യൽ മീഡിയ വഴി അഴുക്ക് പ്രചരിപ്പിക്കാതിരിക്കാന്‍ ഓരോരുത്തരും സ്വയം പരിശീലനം നേടണം. നമ്മുടെ ചുറ്റുപാടും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല സ്വച്ഛതാ അഭിയാന്‍ ആരംഭിച്ചത്. മനസ്സ് ശുദ്ധീകരിക്കാന്‍ കൂടിയുളളതാണിത്. സോഷ്യൽ മീഡിയയില്‍ നല്ലത് മാത്രം പ്രചരിപ്പിക്കുക’, മോദി പറഞ്ഞു. വ്യാജ പ്രചരണങ്ങള്‍ക്കും എതിരാളികള്‍ക്കെതിരായ വിദ്വേഷ പ്രചാരങ്ങള്‍ക്കും ബിജെപിക്കെതിരെ വിരല്‍ നീളുമ്പോഴാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.

പ്രസംഗത്തില്‍ കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ അനവധിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇപ്പോള്‍ വൈദ്യുതിയുണ്ട്. രാജ്യത്ത് സ്കൂളുകളുണ്ട്, ശൗചാലയങ്ങളുണ്ട്. കൂടാതെ മൊബൈൽ ഫോണുകളുടെ നിര്‍മ്മാണത്തിലും നമ്മള്‍ മുമ്പിലാണ്. വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. ഓരോ ഇന്ത്യക്കാരനിലും ഈ വികസനം അഭിമാനം ഉണര്‍ത്തും. വാരണാസിയിലെ വികസനം വളരെ വലുതാണ്. റോഡ് മുതല്‍ റെയിൽവേ വരെ വികസനമാണ്’ മോദി അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook