ലക്നൗ: ഹനുമാനെ കുറിച്ച് നടത്തുന്ന പ്രസ്താവനകളില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടു നില്‍ക്കണമെന്ന് യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബാര്‍. ഹനുമാനെ വലിച്ചിഴച്ചിട്ടും മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥ് തുടക്കമിട്ട ഹനുമാനെ കുറിച്ചുളള പരാമര്‍ശങ്ങള്‍ മറ്റുളളവരും ഏറ്റെടുത്ത സാഹചര്യത്തിലാണ് ബബ്ബാറിന്റെ മുന്നറിയിപ്പ്.
രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ഹനുമാന് ദളിതനായ ആദിവാസിയായിരുന്നു എന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഇതിനെതിരെയാണ് ബബ്ബാര്‍ രംഗത്തെത്തിയത്. ‘ഇനിയും നിങ്ങള്‍ ഹനുമാന് സ്വാമിയെ ബുദ്ധിമുട്ടിക്കരുത്. ഹനുമാന് സ്വാമിയുടെ വാലൊന്ന് വീശിയപ്പോള്‍ നിങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടു. ഇനിയും കളിച്ചാല്‍ നിങ്ങളുടെ ലങ്ക തന്നെ ചാമ്പലാകും,’ ബബ്ബാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹനുമാന് മുസ്ലിമായിരുന്നെന്ന വാദവുമായി ഉത്തര്‍പ്രദേശിലെ മറ്റൊരു ബിജെപി നേതാവും രംഗത്തെത്തിയിരുന്നു. ബുക്കല്‍ നവാബാണ് വാദവുമായി രംഗത്തെത്തിയത്. റഹ്മാന്, റമസാന്‍, ഫര്മാന്, സിഷാന്, ഖുര്ബാന് തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നും ബുക്കല്‍ നവാബ് പറഞ്ഞു.
രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഹനുമാന് ദലിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മറ്റുള്ളവരും രംഗത്തെത്തിയത്.