മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഖ്യകക്ഷിയായ ശിവസേന. ബിജെപി തങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവരെ രാജ്യസ്നേഹികളും അല്ലാത്തവരെ രാജ്യദ്രേഹികളും ആക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ബിജെപി ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ട. അതിനുളള സമയം ആയിട്ടില്ല’, താക്കറെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ദസറ റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ പിഡിപിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട ബിജെപിയേയും അദ്ദേഹം വിമര്‍ശിച്ചു.

ബുളളറ്റ് ട്രെയിന്‍ അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്രം ആദ്യം റെയിൽവേയിലെ അടിസ്ഥാന സൗകര്യമാണ് ഒരുക്കേണ്ടതെന്നും ഓര്‍മ്മിപ്പിച്ചു. ജിഎസ്ടിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ‘ജിഎസ്ടി നിലവില്‍ വരുമ്പോള്‍ മോദി സര്‍ക്കാര്‍ പറഞ്ഞത് ഒറ്റനികുതിക്ക് കീഴില്‍ എല്ലാവരും വരുമെന്നാണ്. എവിടെയാണ് ഇക്കാര്യത്തില്‍ ഒറ്റ വിലയുളളത്. ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ വിലക്കുറവിലാണ് പാക്കിസ്ഥാനില്‍ പെട്രോള്‍ ലഭ്യമാകുന്നത്’, ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ