ന്യൂഡല്‍ഹി: ഗംഗാ നദിയില്‍ ചിതാഭസ്മം ഒഴുക്കരുതെന്ന് കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ.സത്യപാല്‍ സിങ്. പൂജ ചെയ്ത പൂക്കൾ ഒഴുക്കി നദി മലിനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ വിശ്വാസ പ്രകാരം മരിച്ചവരുടെ ചിതാഭസ്മം ഗംഗാനദിയില്‍ ഒഴുക്കാറുണ്ട്. നമമി ഗംഗാ പദ്ധതി ദൗത്യത്തിന്റെ ഭാഗമായി 34 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘ജനങ്ങള്‍ക്ക് വിശ്വാസങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അവ പുനഃപരിശോധിക്കണം’ എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഗംഗയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന ഒന്നും നാം ചെയ്യരുത്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ എല്ലാവരും മാറിചിന്തിക്കണം. ചാരം മണ്ണില്‍ കുഴിച്ച് മൂടി അതിന് മുകളില്‍ വൃക്ഷ തൈ നട്ട് ആചാരം നടത്തുക, അങ്ങനെയാവുമ്പോള്‍ വരുന്ന തലമുറയും മരിച്ചയാളെ കുറിച്ച് ഓര്‍ക്കും’, മന്ത്രി പറഞ്ഞു.
‘മരിച്ചവരെ തൃപ്തിപ്പെടുത്താനായി താലങ്ങളില്‍ പുഷ്പം വയ്ക്കുകയും ഗംഗയില്‍ ഭസ്മം ഒഴുക്കുകയും ചെയ്യേണ്ട കാര്യമില്ല. ഗംഗയെ രക്ഷിക്കാന്‍ നമുക്ക് മാത്രമേ സാധ്യമാകുകയുളളൂ’, സത്യപാല്‍ സിങ് പറഞ്ഞു. ചടങ്ങുകള്‍ ചെയ്യുന്ന പൂജാരിമാരോട് ജനങ്ങളെ അവബോധം ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഹൈന്ദവ നേതാക്കള്‍ രംഗത്തെത്തി.
ജീൻസ് ധരിക്കുന്ന പെൺകുട്ടികൾക്കെതിരെ വിവാദ പരാമർശവുമായി ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം രംഗത്തെത്തിയിരുന്നു. വിവാഹ ദിവസത്തിൽ ജീൻസ് ധരിച്ചെത്തുന്ന പെൺകുട്ടിയെ എത്ര ആൺകുട്ടികൾ വിവാഹം കഴിക്കും എന്ന ചോദ്യമുന്നയിച്ചായിരുന്നു മന്ത്രിയുടെ പരാമർശം. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയുമായ യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മന്ത്രി സംസ്കാരത്തെക്കുറിച്ചും കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചും സംസാരിക്കവേയായിരുന്നു വിവാദ പരാമർശം നടത്തിയത്. ക്ഷേത്രങ്ങളിൽ പൂജാരിമാർ ജീൻസ് ധരിച്ചെത്തിയാൽ ആളുകൾക്ക് അത് ഒരിക്കലും ഇഷ്ടമാവുകയില്ല, അതുപോലെ വിവാഹ ദിവസം ജീൻസ് ധരിച്ചെത്തുന്ന പെൺകുട്ടിയെയും ഒരാണിനും ഇഷ്ടമാവുകയില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം.