ന്യൂഡല്‍ഹി: പിന്നാവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ രാജ്യസഭയില്‍ പരിഗണിക്കുന്നതിനിടെ ബിജെപി എം.പിമാര്‍ കൂട്ടത്തോടെ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി പാസായി. എംപിമാർ ഒരുമിച്ച് മുങ്ങിയതത് സര്‍ക്കാരിന് നാണക്കേടായി.

മന്ത്രിമാര്‍ ഉള്‍പ്പടെ 30 ഓളം എംപിമാര്‍ കൂട്ടത്തോടെ സഭയില്‍ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയത്. സംഭവം ബിജെപിയെ വെട്ടിലാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ഷം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഭരണഘടനാ ഭേദഗതി ബില്ല് പ്രതിപക്ഷത്തിന്റെ ഭേദഗതികളോടെ പാസ്സാക്കേണ്ടിവന്ന സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബിജെപി എംപിമാരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ബില്‍. പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കമ്മീഷന് കോടതിയ്ക്ക് തുല്യമായ അധികാര പദവി നല്‍കുന്നതായിരുന്നു ബില്‍. എന്നാല്‍, കമ്മീഷനിലെ എല്ലാം അംഗങ്ങളും ഒബിസി വിഭാഗത്തില്‍നിന്നായിരിക്കണമെന്നും അതില്‍ ഒന്ന് സ്ത്രീ ആയിരിക്കണമെന്നുമുള്ള ഭേദഗതിയാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് സ്വീകരിച്ചത്. അങ്ങനെ ചെയ്താല്‍ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അതിനെ എതിര്‍ത്തു.

ഈ ഘട്ടത്തില്‍ ആണ് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 74 വോട്ടുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 52 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 86 അംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 63 അംഗങ്ങളുമാണുള്ളത്. മറ്റു പാര്‍ട്ടുകള്‍കൂടി പിന്‍തുണച്ചതോടെയാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്. ഭേദഗതി പാസായതോടെ ബില്‍ വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് അയക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ