ന്യൂഡൽഹി: മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് മുസ്‌ലിം സമുദായത്തോട് അഭ്യർഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനുപകരം മുന്നോട്ടുവന്ന് ഈ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്‌ലിം സാമൂഹിക പരിഷ്‌കർത്താക്കൾ മുന്നോട്ടുവന്ന് മുസ്ലിം പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെ പോരാടണമെന്നും മോദി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ സാമൂഹിക പരിഷ്കത്താവ് ബസവന്നയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”ഈ സമയത്ത് മുത്തലാഖിനെക്കുറിച്ച് നിരവധി സംവാദങ്ങൾ നടക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിൽനിന്നുളള ശക്തരായ നേതാക്കൾ ഈ സമ്പ്രദായത്തെ തുടച്ചുനീക്കാൻ മുന്നോട്ടു വരണമെന്നും” മോദി പറഞ്ഞു.

ഭുവനേശ്വരിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും പ്രധാനമന്ത്രി മുത്തലാഖിനെക്കുറിച്ച് സംസാരിച്ചിരുന്നു. മുസ്‌ലിം സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനെക്കുറിച്ച് മോദി സംസാരിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പറഞ്ഞത്. ”നമ്മുടെ മുസ്‌ലിം സഹോദരിമാർക്ക് നീതി ലഭിക്കണം. അവരോട് അനീതി കാട്ടരുത്. ആരും ചൂഷണം ചെയ്യപ്പെടരുത്. ഈ വിഷയത്തിൽ മുസ്‌ലിം സമുദായവുമായി പ്രശ്നത്തിനില്ല. മുസ്‌ലിം സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിന് സക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും” പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി ഗഡ്കരി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ